മലപ്പുറം: നഗരസഭയിൽ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടത്തിയതിന് തെളിവുകൾ വീണ്ടും പുറത്ത്.
മലപ്പുറം നഗരസഭയിലെ വാർഡ് 22 ചീനിതോട് പ്രദേശത്തു നിന്ന് മാത്രം 122 വോട്ടുകൾ അനധികൃതമായി കണ്ടെത്തി. മുൻകാലഘട്ടങ്ങളിൽ കലക്ടറേറ്റിൽ ഉൾപ്പെടെ ജീവനക്കാരായി വന്ന ഉദ്യോഗസ്ഥരുടെ പേരിലാണ് നിലവിൽ വാടക കെട്ടിടങ്ങളിലെയും ക്വാർട്ടേഴ്സുകളിലെയും പൊളിച്ചു മാറ്റപ്പെട്ട കെട്ടിടങ്ങളുടെയും നമ്പർ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേര് തിരുകിക്കയറ്റിയത്.
നിലവിൽ മൈലപ്പുറം വാർഡിൽ പൊളിച്ചു മാറ്റിയ 21/461 കെട്ടിട നമ്പറിൽ ഉള്ള വീടിൻ്റെ നമ്പർ ഉപയോഗിച്ച് ഏഴ് വോട്ടുകളാണ് പുതുതായി ചേർത്തത്. വോട്ടർപട്ടിക ക്രമനമ്പർ 964,965,966,967,968,969,970 എന്നീ നമ്പറുകളിൽ വോട്ടർപട്ടികയിൽ പേരുള്ള കെട്ടിടം തന്നെ വാർഡിൽ നിലവിലില്ല.കൂടാതെ പാർട്ടി ജില്ല ഓഫീസിൽ ഓഫിസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന തൃക്കലങ്ങോട് പഞ്ചായത്തിൽ താമസിക്കുന്ന വ്യക്തിക്ക് നിലവിൽ തൃക്കലങ്ങോട് പഞ്ചായത്തിലെ വോട്ടർപട്ടികയിൽ പേര് ഉണ്ടായിരിക്കെ മലപ്പുറം നഗരസഭയിലെ വോട്ടർപട്ടികയിലും അനധികൃതമായി പുതുതായി ഉൾപ്പെടുത്തിയതും യുഡിഎഫ് നേതാക്കൾ തെളിവ് സഹിതം പുറത്തുവിട്ടു.
നഗരസഭയിലെ ഹെൽത്ത് വിഭാഗം ക്ലീൻസിറ്റി മാനേജർ നേതൃത്വത്തിലാണ് വ്യാപകമായ കള്ളവോട്ടുകൾ ഇടതുപക്ഷം ചേർത്തത്. ഇടതുപക്ഷ സർവീസ് സംഘടനയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പറായ മാനേജർ ഇതിനുമുമ്പും വിവാദമായ നിരവധി തീരുമാനങ്ങൾ എടുത്തതിന്റെ പേരിൽ രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയമായ വ്യക്തിയാണ്. പൊളിച്ചുമാറ്റപ്പെട്ട കെട്ടിടങ്ങളുടെയും മറ്റ് വിശദ വിവരങ്ങൾ പരിശോധിക്കുന്നതിന് വേണ്ടി പോയ ഫീൽഡ് ഓഫീസർമാർ കെട്ടിടം നിലവിലില്ല എന്ന് റിപ്പോർട്ട് കൊടുത്ത കെട്ടിടങ്ങളിലാണ് ക്ലീൻ സിറ്റി മാനേജർ അനുവദിച്ചത് എന്നുള്ളത് തികഞ്ഞ നിയമലംഘനമാണ്.
വ്യാപകമായ ക്രമക്കേടിന് നേതൃത്വം നൽകിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നഗരസഭ കാര്യാലയത്തിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ ബാവ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മച്ചിങ്ങൽ ഖാദർ,മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ മന്നയിൽ അബൂബക്കർ, ഈസ്റ്റേൺ സലീം, കുഞ്ഞാൻ കാളമ്പാടി, ഫെബിൻ മാസ്റ്റർ, അഡ്വ. വിപി റജീന,അഡ്വ. റിനിഷ റഫീഖ്, റഹ്മത്ത് തറയിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment
Thanks