കക്കാട് ജംഗ്ഷനിൽ ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം.


തിരൂരങ്ങാടി:കക്കാട് ജംഗ്ഷനിൽ ദേശീയപാത നിർമ്മാണത്തിന്റെ  ഭാഗമായി സർവീസ് റോഡ് ജംഗ്ഷനിൽ ഉണ്ടാക്കിയ ഡിവൈഡർ ബ്യൂട്ടിഫിക്കേഷനിലെ  അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എ. മജീദ് എ. എൽ. എ, നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി എന്നിവർ ദേശീയപാത അതോറിറ്റിക്ക് നിവേദനം നൽകി. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും വളരെ ദുരിതമായിട്ടാണ് ഇത്  നിർമ്മിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് നഗരസഭാ വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ

ആരിഫ വലിയാട്ട്, സുജിനി മുളമുക്കിൽ, സി. പി .ഹബീബ ബഷീർ  എന്നിവർ ജില്ലാ കലക്ടർക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. ഇത്  പരിശോധിക്കുവാൻ അതോറിറ്റിക്ക്  കൈമാറും എന്ന് അറിയിച്ചിരുന്നുവെങ്കിലും   തുടർ നിർമാണ രീതി അറിയിക്കാതെയാണ്  ഡിവൈഡർ നിർമിച്ചിട്ടുള്ളത്. യാത്രക്കാരിലും നാട്ടുകാരിലും ഇത് ഏറെ പ്രതിഷേധമുളവാക്കുകയും നാട്ടുകാർ പ്രവർത്തി തടയുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ  അടിയന്തരമായ പരിഹാരം ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപെട്ടു.

അശാസ്ത്രീയമായ ഡിവൈഡർ നിർമ്മാണമൂലം ഗതാഗത സ്തംഭനം പതിവായിരിക്കുകയാണ് ഇവിടെ. ആംബുലൻസ് ഉൾപ്പെടെ അത്യാവശ്യ വാഹനങ്ങൾക്ക് കടന്നു പോകാൻ പ്രയാസപ്പെടുന്നു. ഡിവൈഡർ മൂലം കോഴിക്കോട് ഭാഗത്തേക്കുള്ള  ബസ്സുകൾ അലക്ഷ്യമായി നിർത്തുന്നു .റോഡ് മുറിച്ച് കടക്കുവാൻ കാൽനടക്കാരും ഏറെ പ്രയാസപ്പെടുന്നു. വിശാലമായ ജംഗ്ഷനിൽ വലിയ അളവിൽ വിശാലമാക്കി ഡിവൈഡർ നിർമിച്ചത് മൂലമാണ് ഇങ്ങനെ സംഭവിച്ചത്. വാഹനങ്ങൾക്ക് കടന്നു പോകുവാൻ സൗകര്യം ഒരുക്കി കൊടുക്കുന്നതിന് ഡിവൈഡർ ചുരുക്കി നിർമ്മിക്കേണ്ടതാണെന്നും  നിലവിലെ ഡിവൈഡർ പൊളിച്ചുമാറ്റി ഗതാഗത സ്തംഭനം പരിഹരിക്കേണ്ടതാണെന്നും നിവേദനത്തിൽ ഇവർ ആവശ്യപ്പെട്ടു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم