തിരുവനന്തപുരം: സപ്ലൈകോയിൽ വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു. ശബരി സബ്സിഡി വെളിച്ചെണ്ണ ഒരുലിറ്ററിന് 339 രൂപയും സബ്‌സിഡി ഇതര വെളിച്ചെണ്ണയ്ക്ക് 389 രൂപയുമാണ് പുതുക്കിയ വില. സബ്‌സിഡി ഇനത്തിന് 10 രൂപയും സബ്‌സിഡി ഇതര ശബരി വെളിച്ചെണ്ണയ്ക്ക് 40 രൂപയുമാണ് കുറച്ചത്. കേര വെളിച്ചെണ്ണയ്ക്ക് 28 രൂപയും കുറച്ചിട്ടുണ്ട്. കേര ലിറ്ററിന് 429 രൂപയാണ് പുതുക്കിയ വില.
അതേസമയം, സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം ഫെയറിന് തുടക്കമായി. സെപ്‌തംബർ നാലുവരെ ഓണം ഫെയറിലൂടെ പൊതുജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങാം. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനംവരെ വിലക്കുറവുണ്ടാകും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മെഗാ ഫെയറുകൾ നടക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഇത് തുടങ്ങും. 140 നിയമസഭാ മണ്ഡലങ്ങളിൽ 31 മുതൽ സെപ്തംബർ നാലുവരെ നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്.
ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിൻറൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് 8 കിലോ സബ്‌സിഡി അരിയ്ക്കു പുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ വാങ്ങാം. 94 ലക്ഷം കാർഡുകാർക്കും ഇതുവാങ്ങിക്കാം. സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിൻ്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർധിപ്പിച്ചു.
49 പ്രമുഖ റീറ്റെയ്ൽ ചെയിനുകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ്എംസിജി ഉൽപന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോയിലുണ്ടാകും. 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വിലക്കുറവും ലഭിക്കും.
ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മറ്റുള്ളവർക്ക് സമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങൾ അടങ്ങിയ 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, ഒമ്പത് ഇനങ്ങൾ അടങ്ങിയ 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
إرسال تعليق
Thanks