കണ്ണൂരിൽ കവര്‍ച്ച നടന്ന വീട്ടിലെ മകൻ്റെ ഭാര്യ കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍; സുഹൃത്ത് കസ്റ്റഡിയില്‍

  വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ചാണ് കൊല നടത്തിയത്

 കണ്ണൂര്‍ : കല്യാട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടന്ന വീട്ടിലെ യുവതിയെ കര്‍ണാടകയിലെ ഹുണ്‍സൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കവര്‍ച്ച നടന്ന ചുങ്കസ്ഥാനം പടിഞ്ഞാറെക്കരയില്‍ അഞ്ചാംപുര ഹൗസിലെ വീട്ടുടമസ്ഥന്റെ വിദേശത്തുള്ള മകന്‍ സുഭാഷിന്റെ ഭാര്യ ഹുണ്‍സൂര്‍ സ്വദേശിനി ദര്‍ഷിത (22) യെയാണ് മൈസുരു സാലിഗ്രാമത്തിലെ ലോഡ്ജില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സിദ്ധരാജുവിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച പട്ടാപ്പകലാണ് ചുങ്കസ്ഥാനത്തെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടുടമയായ സുമതയുടെ വീട്ടില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണങ്ങളും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. കവര്‍ച്ചയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ദര്‍ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഡിവൈഎസ്പിക്ക് വിവരം ലഭിച്ചത്. സുമതയും ഡ്രൈവറായ മകന്‍ സൂരജും വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോയിരുന്നു.


ഗള്‍ഫിലുള്ള സുഭാഷിന്റെ ഭാര്യ ദര്‍ഷിത രാവിലെ 9.30 ഓടെ കര്‍ണാടക ഹുന്‍സൂറിലെ വീട്ടിലേക്കും പോയതായാണ് പറഞ്ഞിരുന്നത്. വൈകീട്ട് സുമത വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പെട്ടത്. വീടിന്റെ മുന്‍വശത്തെ താക്കോല്‍ ഒരുവശത്ത് ഒളിപ്പിച്ചുവെച്ചാണ് കുടുംബം പുറത്തുപോകാറുള്ളത്. ഈ താക്കോലെടുത്ത് വീട് തുറന്ന് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയതെന്നായിരുന്നു പരാതി. മോഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനായി ദര്‍ഷിതയോട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ആദ്യം വരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പൊലീസ് ബന്ധപ്പെട്ടപ്പോള്‍ ലൊക്കേഷന്‍ മാറി സഞ്ചരിക്കുന്നതായി മനസ്സിലായി. സംശയം ബലപ്പെട്ടതോടെ പൊലീസ് ഹുണ്‍സൂരിലേക്ക് പോകാനിരിക്കെയാണ് കൊലപാതക വിവരം ലഭിച്ചത്. കൊലപാതകത്തിലും മോഷണത്തിലും കസ്റ്റഡിയിലെടുത്ത ആള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കവര്‍ച്ചയിലും കൊലപാതകത്തിലും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ദര്‍ഷിതക്ക് രണ്ടരവയസ്സുള്ള മകളുണ്ട്.



കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കര്‍ണാടകയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദര്‍ഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്


ക്വാറികളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റര്‍ ആണ് ഉപയോഗിച്ചതെന്നാണ് സൂചന. കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദര്‍ഷിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദര്‍ഷിതയുടെ സുഹൃത്ത് സിദ്ധരാജു കര്‍ണാടക പോലീസിന്റെ പിടിയിലായിട്ടുണ്ട്. ദര്‍ഷിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്.


സ്വര്‍ണവും പണവും നഷ്ടപ്പെട്ട ദിവസമാണ് ദര്‍ഷിത വീട് പൂട്ടി കര്‍ണാടകയിലേക്ക് പോയത്. സ്വര്‍ണവും പണവും കവര്‍ന്നതിന് പിന്നില്‍ ദര്‍ഷിതയും സുഹൃത്തുമെന്നാണ് പോലീസിന്റെ സംശയം.

Post a Comment

Thanks

أحدث أقدم