കുന്ദമംഗലം ഒന്നുകിൽ നെഞ്ചത്തുകൂടി കയറ്റണം ഇല്ലെങ്കിൽ കുട്ടികളെ കയറ്റണം. ഹോംഗാർഡ് നാഗരാജന്റെ ഈ വാക്കുകൾക്കുമുന്നിൽ ബസ് ജീവനക്കാർക്ക് മറ്റുവഴികളൊന്നുമില്ലായിരുന്നു.
ബസിനു മുന്നിൽക്കിടന്ന് പ്രതിഷേധിച്ചതോടെ കുട്ടികളെയുംകയറ്റി ബസിന് സ്ഥലംവിടേണ്ടിവന്നു. കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഹോം ഗാർഡായ അറുപതുകാരൻ വെള്ളലശ്ശേരി പുതുകുന്നത്ത് നാഗരാജന് മർക്കസ് ബസ്‌സ്റ്റോപ്പിലായിരുന്നു ഡ്യൂട്ടി. സ്കൂൾവിട്ട സമയമായതിനാൽ നല്ല തിരക്കായിരുന്നു.
ഓരോബസിലും പത്തുകുട്ടികളെവീതം കയറ്റണമെന്ന നിർദേശം കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസ് പാലിച്ചില്ല. കുട്ടികളെ കയറ്റണമെന്നുപറഞ്ഞെങ്കിലും ഇത് കേൾക്കാതെ ബസ് ഉരുട്ടി ദേഹത്തേക്കുകൊണ്ടുവന്ന് ഭയപ്പെടുത്താൻശ്രമിക്കുകയായിരുന്നെന്ന് നാഗരാജ് പറഞ്ഞു. ഈ സമയം ഒന്നുകിൽ നെഞ്ചത്തുകൂടി കയറ്റണം ഇല്ലെങ്കിൽ കുട്ടികളെ കയറ്റണമെന്നുപറഞ്ഞ് നാഗരാജ് ബസിനുമുന്നിൽ കിടന്നു. കുട്ടികളെ ബസിൽക്കയറ്റിയശേഷമാണ് ഇദ്ദേഹം എഴുന്നേറ്റത്. 22 വർഷം സൈന്യത്തിലായിരുന്ന നാഗരാജ് 14 വർഷമായി ഹോംഗാർഡായി ജോലിനോക്കുകയാണ്.
Post a Comment
Thanks