പയ്യന്നൂർ: പയ്യന്നൂർ അമ്പലം - തെരു റോഡരികിലെ ഇടറോഡിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ബൈക്കിലെത്തിയ മൂന്നംഗസംഘം ആക്രമിച്ച് 2,05,400 രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ ബാങ്ക് റിട്ട. ജീവനക്കാരനുമായ സി.കെ. രാമകൃഷ്ണനെ (59) ആണ് ആക്രമിച്ച് പണം തട്ടിപ്പറിച്ചത്.
ശനിയാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം. ഗ്യാസ് ഏജൻസി ഓഫീസിലെ കളക്ഷൻ തുക വൈകീട്ട് രാമകൃഷ്ണൻ വീട്ടിലേക്ക് വരുമ്പോൾ കൊണ്ടുവരാറാണ് പതിവ്. ഇത് അറിയാവുന്നവരാണ് കവർച്ച നടത്തിയതെന്ന് സംശയിക്കുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ പോകും വഴി വീടിനു സമീപത്തുള്ള ഇടറോഡിൽ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ബൈക്കിലെത്തിയ ആക്രമികളിൽ ഒരാൾ ഹെൽമെറ്റും രണ്ടാമൻ മാസ്കും ധരിച്ചിരുന്നുവെന്ന് രാമകൃഷ്ണൻ പറഞ്ഞു.
അടുത്തെത്തി കഞ്ചാവു വില്പനയാണ് തനിക്ക് പണി അല്ലേ എന്ന് ചോദിക്കുകയും ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ബലമായി ബാഗിനുള്ളിലെ പണം എടുത്ത ആക്രമികൾ കുറച്ച് ദൂരെ വെച്ച ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നു. പിന്തുടർന്നോടിയ രാമകൃഷ്ണനെ ഇവർ തള്ളിവീഴ്‌ത്തി. വീഴ്ചയിൽ കല്ലിൽ തലയിടിച്ച് രാമകൃഷ്ണന് പരിക്കേറ്റു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
إرسال تعليق
Thanks