അർജന്റീനയെ കേരളത്തിൽ നേരിടാൻ ബ്രസീല്‍ ടീമിനെ എത്തിക്കാൻ ശ്രമം


കേരളത്തിൽ അർജന്റീന ഫുട്ബോൾ ടീം കളിക്കാൻ എത്തുമ്പോൾ എതിരാളികളായി ബ്രസീലിനെ എത്തിക്കാൻ ആലോചന. ബ്രസീൽ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചതായി സംഘാടകരിലൊരാളായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം‍ഡി ആന്റോ അഗസ്റ്റിൻ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് അർജന്റീന, ബ്രസീൽ ടീമുകൾക്കാണ്. കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്‍ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രതികരിച്ചത്.


അതേസമയം അർ‌ജന്റീനയുടെ എതിരാളികളുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പ്രതികരിച്ചു. 2026 ഫുട്ബോൾ ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി ബ്രസീൽ ടീം ഒക്ടോബറിൽ ഏഷ്യൻ ടീമുകളായ ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരുമായി സൗഹൃദമത്സരം കളിക്കുന്നുണ്ട്. അഞ്ചു വട്ടം ലോക ചാംപ്യന്മാരായിട്ടുള്ള ബ്രസീൽ ഒക്ടോബർ 10ന് സോളിൽ ദക്ഷിണ കൊറിയയുമായും 14ന് ടോക്കിയോയിൽ ജപ്പാനുമായും ഏറ്റുമുട്ടും.


കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോൾ ടീമിന്റെ എതിരാളികളായി സംസ്ഥാന കായിക വകുപ്പിന്റെ പരിഗണനയിലുള്ളത് നാലു ടീമുകളാണ്. സൗദി അറേബ്യ, ഖത്തർ, കോസ്റ്ററിക്ക എന്നീ ടീമുകളായിരുന്നു ആദ്യ ഘട്ട ചർച്ചകളിലുണ്ടായിരുന്നത്. എന്നാ‍ൽ ഓസ്ട്രേലിയൻ ടീമും താൽപര്യം പ്രകടിപ്പിച്ചെത്തിയതോടെ ടീമുകളുടെ എണ്ണം നാലായി.


ലോക ചാംപ്യൻമാർക്ക് കേരളം മികച്ച എതിരാളിയെത്തേടുമ്പോൾ മേൽക്കൈ ലോക റാങ്കിങ്ങിൽ 24–ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്കാണ്. എന്നാൽ കേരളത്തിലെ ആരാധക പിന്തുണ കണക്കിലെടുത്ത് അറബ് ടീമുകളെ പരിഗണിക്കാനും സാധ്യതയുണ്ട്. ഖത്തർ ലോക റാങ്കിങ്ങിൽ 53–ാം സ്ഥാനത്തും സൗദി 59–ാം സ്ഥാനത്തുമാണ്. വടക്കേ അമേരിക്കൻ രാജ്യമായ കോസ്റ്ററിക്ക ടീം റാങ്കിങ്ങിൽ (40) ആദ്യ അൻപതിനുള്ളിലുണ്ട്.


നവംബറിലാണ് അർജന്റീന ടീമിന്റെ കേരള സന്ദർശനമെന്ന് സ്ഥിരീകരിച്ചെങ്കിലും എതിരാളികളെ കണ്ടെത്തിയശേഷം മാത്രമേ മത്സരത്തീയതി തീരുമാനിക്കാനാകൂവെന്ന് കായികവകുപ്പ് അധികൃതർ പറയുന്നു. അംഗോളയിൽ നടക്കുന്ന സൗഹൃദ മത്സരത്തിലെ എതിരാളികളെക്കൂടി പരിഗണിച്ചായിരിക്കും കേരളത്തിലെ എതിരാളികളെ തീരുമാനിക്കുക. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേ‍ഡിയത്തിൽ മത്സരം നടത്താനാണ് ആലോചിക്കുന്നത്.

Post a Comment

Thanks

Previous Post Next Post