സ്വർണവും പണവും മാത്രമല്ല തേങ്ങയും പെട്ടിയിൽ പൂട്ടിവെക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് മലപ്പുറം ജില്ലയിലെയടക്കം കർഷകർ. തേങ്ങയും മോഷ്ടാക്കളുടെ ലക്ഷ്യമായി മാറുകയാണ്. നാളികേരത്തിന് വില വർധിച്ചതോടെയാണ് മോഷണസംഭവങ്ങൾ വർധിച്ചത്.
ജില്ലയിൽ തേങ്ങ മോഷണം കൂടുതലായി നടക്കുന്ന പ്രദേശങ്ങളിൽ ഒന്നായ എടപ്പാളിൽ മോഷണം വ്യാപകമാണ്. ഇവിടെ കാവിൽപ്പടിയിൽ മാത്രം ഒരാഴ്ചയായി നിരവധി മോഷണങ്ങൾ ആണ് നടന്നത്. കാവിൽപടി സ്വദേശിയായ ജിതേഷിന്റെ വീട്ടിൽനിന്ന് ഒരാഴ്ചയ്ക്കുള്ളിൽ 200-ഓളം തേങ്ങകളാണ് മോഷണം പോയത്.
അഞ്ചേക്കറോളം തെങ്ങിൻതോപ്പുള്ള ഇദ്ദേഹം തേങ്ങയിട്ടശേഷം മുറ്റത്ത് കൂട്ടിയിട്ടതിൽനിന്നാണ് മോഷണം നടന്നത്. പകൽ സമയത്ത് വീട്ടിൽ ആളില്ലാത്തപ്പോഴും രാത്രിയിലുമാണ് മോഷ്ടാക്കൾ തേങ്ങ കൊണ്ടുപോകുന്നത്.
തേങ്ങയ്ക്ക് വൻ വില കയറിയതോടെയാണ് ഇത് മോഷണവസ്തുക്കളുടെ പട്ടികയിൽ ഇടംപിടിച്ചത്. ജിതേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.
മോഷണം നടന്ന മറ്റു പല വീടുകളിൽ നിന്നും ഇതുപോലെ തേങ്ങ മോഷണം പോയതായും റിപ്പോർട്ടുകളുണ്ട്. തേങ്ങയ്ക്ക് വില വർധിച്ചതോടെ കർഷകർക്കിടയിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.
إرسال تعليق
Thanks