നോര്‍ക്ക സാന്ത്വന പദ്ധതിയുടെ കാലതാമസം ഒഴിവാക്കുക ലക്ഷ്യം; പുതിയ സോഫ്റ്റ്‌വെയര്‍ നിലവില്‍ വന്നു .

 


തിരുവനന്തപുരം:പ്രവാസികള്‍ക്കായുളള സാന്ത്വന ധനസഹായപദ്ധതിയുടെ പുതിയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിന്റെ (മോഡ്യൂള്‍) ഉദ്ഘാടനം നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.  സാന്ത്വന പദ്ധതിയിലെ നടപടിക്രമങ്ങളുടെ ഭാഗമായുളള കാലതാമസം ഒഴിവാക്കണമെന്ന് ഏറെ കാലമായി പ്രവാസികള്‍ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ നല്‍കുന്നതു മുതല്‍ ധനസഹായം അനുവദിക്കുന്നതുവരെയുളള വിവിധ തട്ടുകളിലായുളള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും അപേക്ഷകര്‍ക്ക് വേഗത്തില്‍ സഹായം ലഭ്യമാക്കാനും പുതിയ സോഫ്റ്റ്‌വെയര്‍ സഹായകരമാകുമെന്ന് പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പദ്ധതികളും സേവനങ്ങളും വേഗത്തിലും കൃത്യതയോടെയും പ്രവാസികേരളീയര്‍ക്ക് ലഭ്യമാക്കുന്നതിനായുളള പേപ്പര്‍രഹിത നോര്‍ക്ക എന്ന ലക്ഷ്യത്തിലേയ്ക്കുളള പുതിയ ചുവടുവെയ്പ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൂടുതല്‍ പ്രവാസി ഗുണഭോക്താക്കള്‍ക്ക് പ്രയോജനകരമാകുന്നതരത്തില്‍ മുഖ്യമന്ത്രിയുടെ ധനസഹായ പദ്ധതിയുള്‍പ്പെടെയുളളവയെയും പുതിയ സോഫ്റ്റ്‌വെയര്‍ വഴി ബന്ധിപ്പിക്കാനാകുമോയെന്ന് പരിശോധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ IAS പറഞ്ഞു. പേപ്പര്‍ ഫയലുകള്‍ വഴി മാസങ്ങള്‍ എടുക്കേണ്ട നടപടിക്രമങ്ങള്‍ ഇനി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി.ഡിറ്റിന്റെ സാങ്കേതിക പിന്തുണയോടെയാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്.  തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി സ്വാഗതവും ഫിനാന്‍സ് മാനേജര്‍ വി ദേവരാജന്‍ നന്ദിയും പറഞ്ഞു. നോര്‍ക്ക വകുപ്പ് അഡീഷണല്‍ സെക്രട്ടറി സിന്ധു എസ്, സി.ഡിറ്റ് പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയാണ് സാന്ത്വന. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും  അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്. 


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

أحدث أقدم