എം.കെ. മുനീറിന്റെ ഗ്രാമയാത്രയ്ക്ക് നരിക്കുനിയിൽ തുടക്കം; നൂറോളം പരാതികളിൽ 27 എണ്ണം തീർപ്പാക്കി


നരിക്കുനി : കൊടുവള്ളി മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് നേരിട്ട് പരിഹാരം നിർദേശിക്കുന്നതിനായി എം.കെ. മുനീർ എംഎൽഎ നടത്തുന്ന ‘ഗ്രാമയാത്ര’യ്ക്ക് നരിക്കുനിയിൽ തുടക്കമായി. ഗ്രാമയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ‘ജനസഭ’യിൽ നൂറോളം പരാതികളും ആക്ഷേപങ്ങളും എംഎൽഎയും ഉദ്യോഗസ്ഥരും നേരിട്ടുകേട്ടു. ബന്ധപ്പെട്ട വകുപ്പുജീവനക്കാരുടെ സാന്നിധ്യത്തിൽ പൊതുജനങ്ങളുടെ പരാതികൾ കേൾക്കുകയും അപ്പോൾത്തന്നെ പരിഹാരം നിർദേശിക്കുന്നതിനുള്ള സംവിധാനവുമാണ് ‘ജനസഭ’യിൽ ഒരുക്കിയിരുന്നത്. വിവിധ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട തീർപ്പാക്കാത്ത പ്രശ്നങ്ങൾ, മണ്ഡലത്തിലെ വികസനവിഷയങ്ങൾ, സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയങ്ങൾ തുടങ്ങിയവ ജനങ്ങൾക്ക് ഗ്രാമയാത്രയിൽ സമർപ്പിക്കാൻ അവസരമുണ്ടായിരുന്നു. പരാതിയുടെ ഉള്ളടക്കമനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ 27 പരാതികൾക്ക് പരിഹാരം കണ്ടെത്തി. മണ്ഡലത്തിലെ മറ്റുപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും വരുംദിവസങ്ങളിൽ ഗ്രാമയാത്ര തുടരും.


നിർമാണം പുരോഗമിക്കുന്ന പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിക്ക് രണ്ടാംഘട്ടമായി ഒരുകോടി രൂപ നാഷണൽ ആയുഷ് മിഷനിൽനിന്ന് ഈ വർഷം ലഭ്യമാക്കും. ആശുപത്രിക്കെട്ടിടത്തിന്റെ കവാടത്തിലായുള്ള കുഴൽക്കിണർ നീക്കംചെയ്യുന്നതിനും ഭൂഗർഭ ജലവകുപ്പിന് ജനസഭയിൽ നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.


നരിക്കുനി അഗ്നിരക്ഷാനിലയം കെട്ടിടത്തിന് ഒന്നാം ഘട്ടത്തിന് രണ്ടരക്കോടിയുടെ സർക്കാർ അനുമതി ലഭ്യമായതായും തുടർനടപടി സ്വീകരിച്ചുവരുന്നതായും ബൈപ്പാസ് (റിങ് റോഡ്) ഒന്നാം ഘട്ടത്തിന്റെ നിർമാണത്തിന്റെ ഫയൽ സർക്കാരിന്റെ പരിഗണനയിലാണെന്നും ചോദ്യങ്ങൾക്ക് മറുപടിയായി എംഎൽഎ പറഞ്ഞു. നരിക്കുനിയിലെ ബെവറജസ് ഔട്ട്‌ലെറ്റ് കാരണം പരിസരവാസികൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും എംഎൽഎ ജനസഭയെ അറിയിച്ചു.


മണ്ഡലത്തിലെ അപേക്ഷ നൽകിയ ഭിന്നശേഷിക്കാർക്ക് യുഡിഐഡി കാർഡ് വിതരണം ഗ്രാമയാത്രയുടെ ഭാഗമായി നടന്നു. മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും യുഡിഐഡി (യുണീക് ഡിസേബിലിറ്റി ഐഡി) കാർഡ് വിതരണംചെയ്യുന്നതിന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. ഇതോടെ, മുഴുവൻ ഭിന്നശേഷിക്കാർക്കും യുഡിഐഡി കാർഡ് ലഭ്യമായ കേരളത്തിലെ ആദ്യത്തെ മണ്ഡലമായി കൊടുവള്ളി മാറിയതായി എംഎൽഎ അറിയിച്ചു.


രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹയായ കെ.പി. സജിഷ (ഗ്രേഡ് എഎസ്‌ഐ, മുക്കം പോലീസ് സ്റ്റേഷൻ), പഞ്ചാബിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ സ്വർണമെഡൽ ജേതാവായ ദിൽന ശശികുമാർ എന്നിവരെ അനുമോദിച്ചു. ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുനിൽകുമാർ അധ്യക്ഷനായി. ജനസഭയിലേക്കുള്ള പരാതികൾ എംഎൽഎ ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസുകളിലും ഗ്രാമയാത്ര നടക്കുന്ന ദിവസം നേരിട്ടും നൽകാം.

Post a Comment

Thanks

أحدث أقدم