ഇന്‍ഷുറന്‍സ് നിഷേധിച്ചു: പരാതിക്കാരന് 2,26269 രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍


മലപ്പുറം | ഇല്ലാത്ത ചികില്‍ത്സാ രേഖ ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് നിഷേധിച്ച  ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരന്   2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. എടവണ്ണ സ്വദേശി മുളങ്ങാടന്‍ മുഹമ്മദ് റാഫി ബോധിപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്ന പരാതിക്കാരന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ നേടി. തുടര്‍ന്ന് ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി സമീപിച്ചപ്പോള്‍ നിഷേധിച്ചു.  ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന രോഗവിവരം മറച്ചു വെച്ചുവെന്നും ചികിത്സാ രേഖകള്‍ ഹാജരാക്കിയില്ലെന്നും പറഞ്ഞാണ് ഇന്‍ഷുറന്‍സ് നിഷേധിച്ചത്. 


ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനുമുമ്പ് ചികിത്സ നേടിയ രോഗം നേരത്തെ ഉണ്ടായിരുന്നതായി ഒരു രേഖ പ്രകാരവും കണ്ടെത്താനായിട്ടില്ലെന്നും ഇല്ലാത്ത ചികിത്സാ രേഖകള്‍ ആവശ്യപ്പെട്ട്  ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്നും കണ്ടെത്തിയാണ് കമ്മിഷന്റെ ഉത്തരവ്. ചികിത്സാവിവരം മറച്ചുവെച്ചുവെന്ന് ആരോപിക്കുന്ന കമ്പനിക്ക് അത് തെളിയിക്കാനായില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരന്റെ ചികിത്സാ ചെലവ് 1,21,269 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും കോടതി ചെലവായി 5,000 രൂപയും പരാതിക്കാരന് നല്‍കാനാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവ്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഒന്‍പതു ശതമാനം  പലിശയും നല്‍കണം.

Post a Comment

Thanks

أحدث أقدم