സംസ്ഥാന ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് കീഴിൽ നടത്തുന്ന റെഗുലർ കോഴ്സുകളിൽ പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം, പ്രോസ്പെക്ടസ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്
ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം): കോഴ്സ് കാലാവധി ആറു മാസത്തെ ഇന്റേൺഷിപ് ഉൾപ്പെടെ മൂന്നു വർഷം. സർക്കാർ നഴ്സിങ് സ്കൂളുകളിലായി ആകെ 485 സീറ്റുണ്ട്.
ഓരോ ജില്ലയിലും ലഭ്യമായ സീറ്റുകൾ: തിരുവനന്തപുരം 33, കൊല്ലം 30, പത്തനംതിട്ട 27, ആലപ്പുഴ 30, ഇടുക്കി 25, കോട്ടയം 26, എറണാകുളം 38, തൃശൂർ 37, പാലക്കാട് 30, മലപ്പുറം 30, കോഴിക്കോട് 73, വയനാട് 25, കണ്ണൂർ 36, കാസർകോട് 25, കൊല്ലം ആശ്രാമം (എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് മാത്രം) 20. സംവരണാനുകൂല്യം ലഭിക്കും.
തിരുവനന്തപുരം, കോഴിക്കോട് സർക്കാർ നഴ്സിങ് കോളജുകളിൽ പട്ടികജാതിക്കാർക്കായി 30 സീറ്റ് വീതവും കോട്ടയം സർക്കാർ നഴ്സിങ് കോളജിൽ പട്ടികവർഗക്കാർക്ക് 30 സീറ്റുകളും ലഭ്യമാണ്. ഓരോ കോളജിലും 20 സീറ്റുകളിൽ ആൺകുട്ടികൾക്ക് പ്രവേശനമുണ്ട്.
ഓക്സിലിയറി നഴ്സിങ് ആൻഡ് മിഡ് വൈഫറി (എ.എൻ.എം): കാലാവധി രണ്ടുവർഷം. തിരുവനന്തപുരം (തൈക്കാട്) (എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് മാത്രം 20 സീറ്റുകൾ), തലയോലപ്പറമ്പ് -കോട്ടയം(25 സീറ്റ്), പെരിങ്ങോട്ടുകുറുശ്ശി -പാലക്കാട് (50 സീറ്റ്), കാസർകോട് (25 സീറ്റ്) എന്നിവിടങ്ങളിലുള്ള സർക്കാർ ജെ.പി.എച്ച്.എൻ ട്രെയിനിങ് സെന്ററുകളിലാണ് കോഴ്സുള്ളത്
പ്രവേശന യോഗ്യത: ജി.എൻ.എം പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ ഹയർ സെക്കൻഡറി/പ്ലസ് ടു പരീക്ഷ 40 ശതമാനം മാർക്കിൽ കുറയാതെ പാസാകണം.
ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റ് സ്ട്രീമുകളിൽ പ്ലസ് ടു യോഗ്യത നേടിയവരെയും പരിഗണിക്കും. ഹയർസെക്കൻഡറി പരീക്ഷ പാസായി രജിസ്റ്റർ ചെയ്ത എ.എൻ.എം നഴ്സുമാർക്കും അപേക്ഷിക്കാം.
എ.എൻ.എം കോഴ്സ് പ്രവേശനത്തിന് ഹയർസെക്കൻഡറി/പ്ലസ് ടു/ പരീക്ഷ പാസായാൽ മതി. പ്രായപരിധി: 2025 ഡിസംബർ 31ന് 17 വയസ്സ് തികയണം. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷ ഫീസ്: ആരോഗ്യവകുപ്പിന് കീഴിലുള്ള സർക്കാർ സ്ഥാപനങ്ങളിലേക്ക് ജി.എൻ.എമ്മിന് മാത്രം 400 രൂപ, ജി.എൻ.എം, എ.എൻ.എം കോഴ്സുകൾക്ക് 600 രൂപ, എ.എൻ.എമ്മിന് മാത്രം 300 രൂപ. അപേക്ഷ ഫീസ് ഓൺലൈനിലൂടെയോ കേരളത്തിലെ ഫെഡറൽ ബാങ്ക് ശാഖയിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് തയാറാവുന്ന ചലാൻ ഉപയോഗിച്ചോ അടക്കാം
മേൽപറഞ്ഞ എല്ലാ കോഴ്സുകൾക്കും കൂടി ഓൺലൈനിൽ ആഗസ്റ്റ് 20നകം ഒറ്റ അപേക്ഷ നൽകിയാൽ മതി. www.lbscentre.kerala.gov.inൽ ഇതിനുള്ള സൗകര്യം ലഭിക്കും. ജി.എൻ.എം, എ.എൻ.എം കോഴ്സുകളിലേക്കുള്ള പ്രവേശനം ഏകജാലക സംവിധാനം വഴിയാണ്. യോഗ്യതാ പരീക്ഷക്ക് അവസാനവർഷം ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക്‍ലിസ്റ്റ് തയാറാക്കുക. റാങ്ക്‍ലിസ്റ്റിലുള്ളവർക്ക് ഓൺലൈനിൽ കോളജ്, കോഴ്സ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കും. റാങ്കും ഓപ്ഷനും അടിസ്ഥാനമാക്കിയാണ് അലോട്ട്മെന്റ്. ഇതിനു മുമ്പായി ട്രയൽ അലോട്ട്മെന്റ് നടത്തും.
إرسال تعليق
Thanks