തിരൂർ: ഓണത്തിന് വ്യാജനിറങ്ങുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ നടത്തിയ ഒറ്റദിവസത്തെ പരിശോധനയിൽ പിടിച്ചെടുത്തത് 1965 ലീറ്റർ വെളിച്ചെണ്ണ. തിരൂരങ്ങാടി ചെറുമുക്കിലെ ഗോഡൗണിൽനിന്നു മാത്രം 735 ലീറ്റർ വെളിച്ചെണ്ണ പിടികൂടിയിട്ടുണ്ട്. ഇതെല്ലാം ലാബുകളിൽ പരിശോധനയ്ക്ക് അയച്ചു. ഓപ്പറേഷൻ നാളികേര എന്ന പേരിലാണ് പരിശോധന നടത്തിയത്. കോക്കനട്ട് ടെസ്റ്റ ഓയിലോ, വൈറ്റ് പാം ഓയിലോ ചേർത്ത് വെളിച്ചെണ്ണയെന്ന പേരിൽ വ്യാപകമായി വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഓണവിപണിയിൽ ഇത്തരം വെളിച്ചെണ്ണ വ്യാപകമായി എത്തുന്നത് തടയുകയാണു ലക്ഷ്യം.
ചിരട്ടയ്ക്കും തേങ്ങയുടെ കാമ്പിനുമിടയിലുള്ള ഗ്രേ നിറത്തിലുള്ള ഭാഗം കൊണ്ട് നിർമിക്കുന്നതാണ് കോക്കനട്ട് ടെസ്റ്റ ഓയിൽ. ഇത് ശരീരത്തിന് ഹാനികരമല്ല. എന്നാൽ വെളിച്ചെണ്ണയല്ല. ഇതും വൈറ്റ് പാം ഓയിലും സാധാരണ വെളിച്ചെണ്ണയിൽ കലർത്തിയാണു വിൽപന നടത്തുന്നത്. ചെറുമുക്കിലെ ഗോഡൗണിൽ നിന്ന് മണമില്ലാത്ത എണ്ണ കണ്ടെത്തിയിട്ടുണ്ട്. ഇത് കോക്കനട്ട് ടെസ്റ്റ ഓയിലാണെന്ന സംശയമുണ്ട്. കോഴിക്കോട് ഭാഗത്തുനിന്നാണ് ഇവിടെ എണ്ണ എത്തിക്കുന്നത്. പരിശോധനയ്ക്ക് അസിസ്റ്റന്റ് കമ്മിഷണർ സുജിത് പെരേര, നോഡൽ ഓഫിസർ അബ്ദുൽ റഷീദ്, ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ എം.എൻ.ഷംസിയ, ഡോ. സുമിൻ ജോസ്, ഡോ. ബിനു ഗോപാൽ, ഡോ. മുഹമ്മദ് മുസ്തഫ എന്നിവർ നേതൃത്വം നൽകി.
* തിരിച്ചറിയാൻ വഴിയുണ്ട്
വ്യാജ വെളിച്ചെണ്ണ തിരിച്ചറിയാൻ വഴിയുണ്ടോ? വീട്ടിൽ തന്നെ ചെയ്യാവുന്ന പൊടിക്കൈ ഉണ്ടെന്ന് ഭക്ഷ്യസുരക്ഷാ ഓഫിസർ എം.എൻ.ഷംസിയ പറയുന്നു. അൽപം വെളിച്ചെണ്ണ ഫ്രിജിൽ വച്ചു മുക്കാൽ മണിക്കൂറിനു ശേഷം പുറത്തെടുക്കുമ്പോൾ കൊഴുപ്പു രൂപത്തിലായാൽ മായമില്ലെന്ന് ഉറപ്പിക്കാം. കൊഴുപ്പു രൂപത്തിലാകാത്ത ഭാഗം ഉണ്ടെങ്കിൽ അതു മായമാണ്. കൂടുതൽ പരിശോധനയ്ക്കായി ലാബുകളെ സമീപിക്കാം. കോക്കനട്ട് ടെസ്റ്റ ഓയിൽ, വൈറ്റ് പാം ഓയിൽ എന്നിവയാണുള്ളതെങ്കിൽ, ആരോഗ്യത്തിന് ഹാനികരമല്ല. എന്നാൽ ഇതു ചേർത്ത് വെളിച്ചെണ്ണയാണെന്നു പറഞ്ഞ് വിൽക്കുന്നത് നിയമവിരുദ്ധമാണ്.
Post a Comment
Thanks