മലപ്പുറം : പി. എം. എ. വൈ .പദ്ധതിക്ക് കീഴിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഈ വർഷം അനുവദിക്കുന്നത് 1620 വീടുകൾ.
മലപ്പുറം ജില്ല പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ തുക വകയിരുത്തി നൽകുന്ന ധന സഹായത്തിലൂടെയാണ് ഈ വർഷം ജില്ലയിൽ നിർധനരായ കുടുംബങ്ങൾക്കായി 1620 വീടുകൾ ഉയരുന്നത്.
നേരത്തെ ലൈഫ് ഭവന പദ്ധതിയിൽ ഭൂരഹിതരായ ആയിരത്തോളം കുടുംബങ്ങൾക് ഭൂമി വാങ്ങുന്നതിന് ധന സഹായം അനുവദിച്ച മലപ്പുറം ജില്ലാ പഞ്ചായത്ത് പി. എം. എ. വൈ പദ്ധതിക്ക് കീഴിലും ഏറ്റവും കൂടുതൽ വീടുകൾ അനുവദിച്ചു കൊണ്ട് പാർപ്പിട മേഖലയിൽ വലിയ മുന്നേറ്റമാണ് നടത്തിയത്.
ഇതോടെ സംസ്ഥാനത്ത് തന്നെ പി. എം. എ. വൈ പദ്ധതിയിൽ ഏറ്റവും അധികം വീടുകൾ അനുവദിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനമായി മാറുകയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്.
ഭവന രഹിതരായ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൽകുന്ന ഭവന പദ്ധതിയാണ് പ്രധാന മന്ത്രി ആവാസ് യോജന.
സംസ്ഥാനത്തെ ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കാത്ത ഗുണഭോക്താക്കളെയാണ് പി. എം. എ. വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ലിസ്റ്റിൽ ഉൾപ്പെട്ട ഭവന രഹിതർക്കാണ് ജില്ലാ പഞ്ചായത്ത് ധന സഹായം അനുവദിക്കുന്നത്.
ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകൾ മുഖേന ലഭിച്ച ലിസ്റ്റിൽ ഉൾപ്പെട്ട ഭവന രഹിതർക്ക് നൽകുന്ന തുക അതാത് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറുന്നതിനുള്ള നടപടി ക്രമങ്ങൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. നിർവഹണ ഉദ്യോഗസ്ഥർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന മുറക്ക് മുഴുവൻ തുകയും ഉടൻ തന്നെ കൈ മാറും.
ജനറൽ വിഭാഗത്തിൽ 1181 വീടുകൾക്കായി 11 കോടി 51 ലക്ഷത്തി മുപ്പത്തി ഏഴായിരത്തി നനൂറ്റി അറുപത്തി മൂന്ന് രൂപയും പട്ടിക ജാതി വിഭാഗത്തിൽ ആകെ 407 വീടുകൾക്കായി 3 കോടി 91 ലക്ഷത്തി പതിനെട്ടായിരത്തി അറുനൂറ് രൂപയും പട്ടിക വർഗ വിഭാഗത്തിൽ 32 വീടുകൾക്കായി 29 ലക്ഷം രൂപയുമാണ് ഇത് വരെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലേക്കായി അനുവദിച്ചിട്ടുള്ളത്.
ആകെ 15 ബ്ലോകുകളിലേക്കായി മൊത്തം 1620 വീടുകൾ നൽകുന്നതിന് 15 കോടി 71 ലക്ഷത്തി അമ്പത്തി ആറായിരത്തി അറുപത്തി മൂന്ന് രൂപയാണ് ജില്ലാ പഞ്ചായത്ത് ഇത് വരെയായി അനുവദിച്ചത്.
ജില്ലയിൽ ജനറൽ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വീടുകൾ ലഭിച്ചിട്ടുള്ളത് കാളികാവ്, പെരിന്തൽമണ്ണ വണ്ടൂർ, നിലമ്പൂർ ബ്ലോക്കുകളിലേക്കാണ്. ഇവിടേക്ക് അനുവദിച്ച വീടുകളുടെ എണ്ണം യഥാക്രമം 144, 136, 130, 122 ആണ്. പട്ടിക ജാതി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വീടുകൾ ലഭിച്ചത് പെരിന്തൽമണ്ണ ബ്ലോക്കിനാണ്. 100 വീടുകൾ. പട്ടിക വർഗ വിഭാഗത്തിന് ഏറ്റവും കൂടുതൽ വീട് അനുവദിച്ചിട്ടുള്ളത് ഗോത്ര വിഭാഗക്കാർ കൂടുതലുള്ള നിലമ്പൂർ ബ്ലോക്കിനാണ് 32 വീടുകൾ.
കഴിഞ്ഞ 5 വർഷവും പദ്ധതി ചെലവിൽ ഏറെ മുന്നിൽ നിന്ന മലപ്പുറം ജില്ലാ പഞ്ചായത്തിന് ജില്ലയിലെ ഭവന രഹിതർക്കായി ഇത്രയും വലിയ തുക തന്നെ നീക്കി വെക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഭവന നിർമാണം എത്രയും വേഗം പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുള്ളതയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം എന്നിവർ പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks