കേരളത്തിലേക്കെത്തുന്ന MDMAയുടെ പണം സ്വീകരിച്ചിരുന്നബിഹാര്‍ സ്വദേശിനിയെ കോഴിക്കോട് എക്‌സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു; 8 അക്കൗണ്ടുകളിലായി കോടികളുടെ ഇടപാട്


  കോഴിക്കോട് |  കേരളത്തില്‍ വില്‍പനയ്‌ക്കെത്തിക്കുന്ന എംഡിഎംഎയുടെ പണം ബാങ്ക് അക്കൗണ്ടിലൂടെ സ്വീകരിച്ചിരുന്ന ബിഹാര്‍ സ്വദേശിനിയെ കോഴിക്കോട് എക്‌സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബിഹാറിലെ പട്‌ന സ്വദേശിയായ സീമാ സിന്‍ഹയാണ് അറസ്റ്റിലായത്. 98 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഫാസിര്‍, മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായതിന് പിന്നാലെയാണ് കേസിന്റെ അന്വേഷണം എക്‌സൈസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.


എംഡിഎംഎ ബെംഗളൂരുവില്‍നിന്നും സംഘടിപ്പിക്കുന്നതിനും ഇതിന്റെ പണം സീമയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുന്നതിനും ഫാസിറിനോടൊപ്പം കോഴിക്കോട് പന്തീരാങ്കാവ് പുത്തൂര്‍മഠം സ്വദേശിയായ അബ്ദുള്‍ ഗഫൂറിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ, കോഴിക്കോട് കരുവന്‍തിരുത്തി സ്വദേശിയായ പ്രജീഷ് എന്നയാളാണ് ഇവര്‍ക്ക് എംഡിഎംഎ സംഘടിപ്പിച്ച് കൊടുക്കുന്നതെന്ന് എക്‌സൈസിന് വിവരം ലഭിച്ചു. ഇയാള്‍ നല്‍കിയ അക്കൗണ്ടിലേക്കായിരുന്നു പണം അയച്ചതെന്ന് ഫാസിറും അബ്ദുല്‍ ഗഫൂറും മൊഴി നല്‍കി. തുടര്‍ന്ന് എക്‌സൈസ് പ്രജീഷിനെ അറസ്റ്റ് ചെയ്തതോടെയാണ് സീമയിലേക്ക് അന്വേഷണ സംഘമെത്തുന്നത്.


  ഫാസിര്‍, അബ്ദുള്‍ ഗഫൂര്‍, പ്രജീഷ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ മൂവരും ചേര്‍ന്നാണ് എംഡിഎംഎയുടെ വിലയായ 1,05,000 രൂപ സീമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുള്ളതെന്ന് ബോധ്യമായി. തുടര്‍ന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സീമ സിന്‍ഹയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും അവര്‍ ഹാജരായില്ല. തുടര്‍ന്ന് എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘം സീമയെ അന്വേഷിച്ച് അവര്‍ താമസിച്ചിരുന്ന ഹരിയാണയിലെ ഗുരുഗ്രാമിലെ ഫാസില്‍പുരിലെത്തി. എന്നാല്‍ ഈ സമയം സീമ, സ്വദേശമായ പട്‌നയിലേക്ക് കടന്നിരുന്നു. താല്‍ക്കാലിക മേല്‍വിലാസം വെച്ച് രേഖകള്‍ ഉണ്ടാക്കി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ ശേഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതായിരുന്നു സീമയുടെ പതിവ്. ഇതിനായി നൈജീരിയന്‍ സ്വദേശികളേയും ഉപയോഗിച്ചിരുന്നു. സീമയുടെ എട്ടു ബാങ്ക് അക്കൗണ്ടുകളിലൂടെ ഏതാനും ദിവസങ്ങള്‍ കൊണ്ട് കോടികളുടെ പണമിടപാടാണ് നടന്നിരുന്നതെന്ന് എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്.


തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഒരു മയക്കുമരുന്ന് കേസ്സില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് രണ്ടാഴ്ച മുമ്പ് ഗുരുഗ്രാമില്‍നിന്ന് തൃശ്ശൂര്‍ പോലീസ് സീമ സിന്‍ഹയെ അറസ്റ്റ് ചെയ്ത് തൃശ്ശൂര്‍ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. തൃശ്ശൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സീമ സിന്‍ഹയെ വെള്ളിയാഴ്ചയാണ് ക്രൈം ബ്രാഞ്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൈം ബ്രാഞ്ച് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. സുഗന്ധകുമാര്‍, പി.സജീവ് സിവില്‍ എക്‌സൈസ് ഓഫീസര്‍ എ.ജിബില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എന്‍.രാജേഷ് എന്നിവരുമുണ്ടായിരുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha