താനൂർ: താനൂരിൽ ഓടികൊണ്ടിരിക്കുന്ന ബസിന് മുന്നിൽ ബൈക്ക് യാത്രക്കാരന്റെ പരാക്രമം. ബസിന് മുന്നിൽ കയറി ബസ് ബ്രേക്കിട്ട് നിർത്തി. താനൂര്‍ ബിച്ച് റോഡിലെ ഉളള്യാൽ ഭാഗത്ത് വച്ചാണ് സംഭവം നടന്നത്. ബസ് ഡ്രൈവർ സമയോചിതമായി ഇടപെട്ട് ബ്രേക്കിട്ടതിനാൽ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. ബസിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നു. ബസ് പെട്ടന്ന് ബ്രേക്കിട്ട് നിർത്തിയതോടെ ബസ്സിനകത്തുള്ളവർ വീഴാനായുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. തൊട്ടു പിറകെയുള്ള സ്റ്റോപ്പിൽ വെച്ച് ബൈക്ക് യാത്രക്കാരനും ബസ് ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ബസിൽ നിന്നും ആളുകളെ ഇറക്കുമ്പോൾ, ബൈക്ക് യാത്രക്കാരൻ സൈഡ് നൽകിയില്ലെന്ന പേരിലാണ് വാക്കേറ്റമുണ്ടായത്. അതിന്റെ തുടര്‍ച്ചയായിരുന്നു ബസ് തടഞ്ഞ് മുന്നിൽ ബൈക്കിട്ടുള്ള അഭ്യാസ പ്രകടനം. ബസ് ജീവനക്കാര്‍ താനൂര്‍ സ്റ്റേഷനിൽ പരാതി നൽകിയെന്നും യുവാവിന്റെ കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പരാതി പിൻവലിക്കുകയായിരുന്നുവെന്നുമാണ് വിവരം.
Post a Comment
Thanks