തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ഒക്ടോബറില്‍ വിജ്ഞാപനം, നവംബറില്‍ വോട്ടെടുപ്പ്, ഡിസംബറില്‍ പുതിയ ഭരണസമിതി


തിരുവനന്തപുരം: രാഷ്ട്രീയത്തിനതീതമായി പ്രാദേശിക പ്രശ്നങ്ങള്‍ ഏറെ ചർച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളത്.ഇതിനെ രാഷ്ട്രീയപരമായി നേരിടാൻ മുന്നണികള്‍ തയ്യാറെടുക്കുന്നുണ്ടെങ്കിലും, വോട്ടർമാർക്ക് പ്രാദേശിക വിഷയങ്ങളിലെ പ്രശ്നപരിഹാരങ്ങളാണ് വോട്ട് രേഖപ്പെടുത്തുന്നതില്‍ പ്രധാന ഘടകം. 

അതുകൊണ്ടാണ് പല സ്ഥലങ്ങളിലും മുന്നണി സ്ഥാനാർത്ഥികള്‍ പരാജയപ്പെടുന്നതും, സ്വതന്ത്രർ വിജയിക്കുന്നതും.ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പരാതി പറയാനും ചോദിക്കാനുമുള്ള താഴെത്തട്ടിലുള്ള ഭരണസംവിധാനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. നിലവിലെ ജനപ്രതിനിധികള്‍ക്ക് എത്രത്തോളം നീതി പുലർത്താൻ കഴിഞ്ഞുവെന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടർമാർ ചർച്ച ചെയ്യുക.ഇവിടെ മുന്നണി സംവിധാനങ്ങള്‍ക്ക് വോട്ടർമാർ പ്രസക്തി കല്‍പ്പിക്കുന്നില്ല. ഇതില്‍ രാഷ്ട്രീയം കലർത്തരുതെന്നാണ് വോട്ടർമാർ പറയുന്നത്. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണപരാജയം മൂടിവെക്കാനാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ അമിതമായ രാഷ്ട്രീയം കലർത്തുന്നതെന്ന ആക്ഷേപവും വോട്ടർമാർക്കുണ്ട്.ഓരോ വാർഡിലും നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങള്‍, പോരായ്മകള്‍, പഞ്ചായത്ത് ആസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനങ്ങള്‍, സാധാരണക്കാരായ ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം, കുടിവെള്ളം, ശൗചാലയങ്ങള്‍, യാത്രസൗകര്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറെയും വോട്ടർമാർ ചർച്ച ചെയ്യുക.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അലട്ടുന്ന ഒരുപാട് പ്രശ്നങ്ങള്‍ക്കിടയിലാണ് ഈ പ്രാവശ്യം തിരഞ്ഞെടുപ്പ് വരുന്നത്.

 രൂക്ഷമായ തെരുവുനായ-വന്യജീവി ആക്രമണങ്ങള്‍, മരണങ്ങള്‍, കാലവർഷക്കെടുതി, വെള്ളക്കെട്ടുകള്‍, മരണങ്ങള്‍, കടലാക്രമണങ്ങള്‍ എന്നിവയിലൊക്കെയുള്ള പരിഹാര നടപടികളില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തങ്ങളുടെ കടമ നിറവേറ്റിയോ എന്നതും വോട്ടർമാർ പരിശോധനയ്ക്ക് വിധേയമാക്കും.ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും എംപി- എംഎല്‍എമാരുടെ ഫണ്ടുകള്‍ എത്രത്തോളം അനുവദിച്ചു, അത് വികസന പ്രവർത്തനങ്ങള്‍ക്ക് വിനിയോഗിക്കാൻ കഴിഞ്ഞോ എന്നുള്ളതും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും.ഇത്തരത്തില്‍ ഒട്ടനവധി വിഷയങ്ങള്‍ ചർച്ച ചെയ്യപ്പെടുന്ന വേളയില്‍ കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവത്തിലേക്ക് കേരളം അടുക്കുന്നത്. ഒക്ടോബർ മാസത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ നവംബറില്‍ തിരഞ്ഞെടുപ്പും, ഡിസംബർ ആദ്യവാരത്തില്‍ പുതിയ ഭരണസമിതിയും നിലവില്‍ വരും.


2025-26 വർഷത്തേക്കുള്ള പദ്ധതികളിലേക്കുള്ള അവസാനഘട്ട മിനുക്കു പണികളിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികള്‍. 2024-25 വർഷത്തെ പദ്ധതികളില്‍ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 50% മാത്രമാണ് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളത്. പല പദ്ധതികളും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്.ഇതില്‍ അഴിമതി ആരോപണങ്ങള്‍ ഉയർന്നുവന്ന പദ്ധതികളുമുണ്ട്. ഇതിനൊക്കെ പരിഹാരം കാണാൻ നിലവിലെ ഭരണസമിതിക്ക് ഇനി കഷ്ടിച്ച്‌ രണ്ടുമാസം മാത്രമാണുള്ളത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ പിന്നെ വികസന പ്രവർത്തനങ്ങളെ അത് ബാധിക്കുകയും ചെയ്യും. ഇതിനിടയില്‍ പഞ്ചായത്ത് ഭരണസമിതിയും, സെക്രട്ടറിമാരും തമ്മിലുള്ള പോര് വേറെയുമുണ്ട്.നേരത്തെ നവംബർ 1, കേരളപ്പിറവി ദിനത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വരുന്നതായിരുന്നു കീഴ് വഴക്കം. എന്നാല്‍ കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് നീണ്ടത്. അതുകൊണ്ട് ഡിസംബർ 20ന് നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കും. ഇതൊക്കെ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ നടത്തിവരുന്നത്.


തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും നീക്കംചെയ്യുന്നതിനും തിരുത്തൽവരുത്തുന്നതിനും ഇനി ശേഷിക്കുന്നത് 10 ദിവസം മാത്രം. വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുള്ളതിനാൽ ഈ ദിവസത്തിനുള്ളിൽ തെറ്റുതിരുത്തലും പുതിയ വോട്ടർമാരെ ചേർക്കലും എളുപ്പമാകില്ല. അവസാന തീയതിയായ ഓഗസ്റ്റ് ഏഴിന് മുമ്പ് ഈ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് രാഷ്ട്രീയപാർട്ടികളുടെ വിലയിരുത്തൽ.


ഈമാസം 23നാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. രാത്രി വൈകിയാണ് പലയിടത്തും പട്ടിക ലഭ്യമായത്. ചിലയിടങ്ങളിൽ രണ്ടുദിവസം കഴിഞ്ഞാണ് പട്ടികയുടെ പകർപ്പ് രാഷ്ട്രീയപാർട്ടികൾക്ക് ലഭിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടികയിലുള്ള 10 ലക്ഷത്തോളം വോട്ടുകൾ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ കുറവാണ്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha