ജ്വല്ലറിയില്‍ നിന്നും സ്വര്‍ണമോതിരവുമായി മുങ്ങിയ മോഷ്ടാവ് അറസ്റ്റിൽ


കോഴിക്കോട്: ജ്വല്ലറിയില്‍ നിന്നും സ്വര്‍ണമോതിരവുമായി മുങ്ങിയ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയും താമരശ്ശേരി പെരുമ്പള്ളിയിലെ താമസക്കാരനുമായ സുലൈമാന്‍ എന്ന ഷാജിയാണ്(46) പിടിയിലായത്. പന്തീരാങ്കാവ് കുന്നത്തുപാലത്തെ ചൈത്രം ജ്വല്ലറിയില്‍ നിന്നാണ് ഇയാള്‍ മോതിരം കവര്‍ന്നത്. സ്വർണ്ണ മോതിരം കൈക്കലാക്കിയ ശേഷം ബാക്കി പണം എടുത്ത് തരാമെന്ന് പറഞ്ഞ് ഷാജി മുങ്ങുകയായിരുന്നു.


കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇയാള്‍ സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയത്. മോതിരം തെരഞ്ഞെടുത്ത ഇയാള്‍ അതില്‍ പേരെഴുതണമെന്ന് പറഞ്ഞു. ചെറിയ തുക അഡ്വാന്‍സ് നല്‍കുകയും ബാക്കി തുക എടിഎമ്മില്‍ നിന്നും എടുത്ത് നല്‍കാമെന്നും പറഞ്ഞ് ഷാജി മോതിരവുമായി കടന്നുകളയുകയായിരുന്നു. പിന്നീട് മോതിരം ഒരു കടയിൽ വിറ്റ് പണമാക്കി. മുന്‍പും സമാനമായ കേസുകളില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


പന്തീരാങ്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷാജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ സുനീറും സംഘവും തലശ്ശേരിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പന്തീരാങ്കാവ് പൊലീസ് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 9 കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോതിരം പാളയത്തെ ജ്വല്ലറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഷാജിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha