പരപ്പനങ്ങാടിയിലെ തിരച്ചിൽ; സന്നദ്ധപ്രവർത്തകർ സാമ്പത്തിക പ്രതിസന്ധിയിൽ; ദൗത്യം പ്രതിസന്ധിയിലെന്ന്.



കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടന്നപ്പോൾ, രക്ഷാപ്രവർത്തനത്തിൽ സജീവമായ സന്നദ്ധ സംഘടനകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സർക്കാർ നിയന്ത്രണത്തിലുള്ള ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്., സ്കൂബ ടീമുകൾ എന്നിവയുടെ ചെലവുകൾ സർക്കാർ വഹിക്കുമ്പോൾ, രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ ഭീമമായ ചെലവുകൾ ആരും ഏറ്റെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.


രാവിലെ 8:30 മുതൽ വൈകുന്നേരം 4:30 വരെയാണ് സർക്കാർ സംവിധാനങ്ങൾ സാധാരണയായി തിരച്ചിൽ നടത്തുന്നത്. എന്നാൽ, പുലർച്ചെ 6 മണിക്ക് ആരംഭിച്ച് രാത്രി 11 മണി വരെ തിരച്ചിൽ നടത്തുന്ന സന്നദ്ധ സംഘടനകളാണ് ഈ ദൗത്യത്തിൽ ഏറെ മുന്നിലുള്ളതെന്ന് വളണ്ടിയർമാർ. ഇവർ ഉപയോഗിക്കുന്ന ബോട്ടുകൾക്കും മറ്റ് ഉപകരണങ്ങൾക്കും ഇതിനോടകം വൻ സാമ്പത്തിക ബാധ്യതയായിട്ടുണ്ട്.


രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന പ്രവർത്തകരുടെ സ്വന്തം കീശയിൽ നിന്നാണ് ഇതുവരെ ഈ ചെലവുകൾ കണ്ടെത്തിയിരുന്നത്. ദിവസങ്ങളായുള്ള തിരച്ചിലിൽ ചെലവുകൾ താങ്ങാനാവാതെ സംഘം വീർപ്പുമുട്ടുകയാണ്. 


പ്രധാനമായും ട്രോമാകെയർ പോലുള്ള സന്നദ്ധ സംഘടനകളാണ് ഈ ദുരിതം നേരിടുന്നത്. മികച്ച പരിശീലനം ലഭിച്ചവരും രാപ്പകലില്ലാതെ സേവനം ചെയ്യുന്നവരുമായ ഇവരുടെ മുന്നോട്ട് പോക്കിന് ഈ സാമ്പത്തിക ബാധ്യത തടസ്സമാകുന്നു. പ്രാദേശികമായി വരുന്ന അപകടങ്ങളിലെ രക്ഷാപ്രവർത്തനത്തിന് മുനിസിപ്പാലിറ്റികൾക്കും മറ്റും ചെലവുകൾ വഹിക്കാൻ നിയമം ഉണ്ടായിട്ടും അധികൃതർ പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് രക്ഷാപ്രവർത്തകർ.


വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കീഴിലുള്ള വളണ്ടിയർമാർക്ക് അതത് പാർട്ടികളുടെ സഹായം ലഭിക്കുന്നുണ്ടെങ്കിലും,  സ്വതന്ത്ര സംഘടനകൾക്ക് ഇത് ലഭിക്കുന്നില്ല. പരപ്പനങ്ങാടി, താനൂർ മുനിസിപ്പാലിറ്റികൾ ഔദ്യോഗിക തലത്തിൽ ഏകോപിപ്പിച്ച് മുന്നോട്ട് പോകാത്തതാണ് രക്ഷാപ്രവർത്തകർക്ക് ദുരിതമാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ, സന്നദ്ധ സംഘടനകൾക്ക് രക്ഷാപ്രവർത്തനം നിർത്തിവെക്കേണ്ടി വരുമെന്ന ആശങ്കയും പ്രവർത്തകർ.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha