തൃശ്ശൂർ: തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ഭർതൃ പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ ഭർത്താവ് നെടുങ്ങാണത്ത് കുന്നിൽ വലിയകത്ത് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ഇന്നലെ ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗർഭിണിയായിരുന്ന ഫസീലയെ ഭർത്താവ് ചവിട്ടിയെന്നും കുറെ നാളായി ദേഹോപദ്രവം ഏൽപിച്ചെന്നും യുവതി വാട്‌സാപ്പ് സന്ദേശത്തിലൂടെ മാതാവിനെ അറിയിച്ചിരുന്നു. യുവതി അയച്ച വാട്‌സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പുറത്തുവന്നിട്ടുണ്ട്.
ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗർഭിണിയായിരുന്നു. ഒരുപാട് നാളായി ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് യുവതി ഉമ്മയ്ക്ക് വാട്‌സ്അപ് സന്ദേശം അയച്ചിരുന്നു. യുവതിയുടെ മരണത്തിൽ ഗാർഹിക പീഡന ആരോപണം ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്.
'ഉമ്മ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്റെ വയറ്റിൽ കുറേ ചവിട്ടി. ഇവിടത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഉമ്മ ഞാൻമരിക്കുകയാണ്. എന്നെ അല്ലെങ്കിൽ ഇവർ കൊല്ലും. എന്റെ കൈ നൗഫൽ പൊട്ടിച്ചു. പക്ഷെ എന്നെ പോസ്റ്റ്മോർട്ടം ചെയ്യരുത് ട്ടാ. ഇത് എന്റെ അപേക്ഷയാണ്', എന്നാണ് സന്ദേശത്തിൽ പറയുന്നത്.
രണ്ടാമത് ഗർഭിണിയായത് അറിഞ്ഞതിന് പിന്നാലെയാണ് ഇയാൾ യുവതിയെ ക്രൂരമായി മർദിച്ചിരുന്നതെന്ന് ഫസീലയുടെ മാതൃ സഹോദരൻ നൗഷാദ് പറഞ്ഞു.
കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പിൽ അബ്‌ദുൽ റഷീദിന്റെയും സെക്കീനയുടെയും മകളാണ്. ഫസീലയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു വീട്ടുകാർക്ക് വിട്ടുനൽകും. മകൻ :മുഹമ്മദ് സെയാൻ.
Post a Comment
Thanks