ന്യൂഡൽഹി: യാത്രാ ട്രെയിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേയുടെ തീരുമാനം. യാത്രക്കാരുടെ സുരക്ഷ മുൻ നിർത്തിയാണ് തീരുമാനം. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ചില ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ നിന്ന് ലഭിച്ച അനുകൂല പ്രതികരണങ്ങൾ കണക്കിലെടുത്താണ് റെയിൽവെ വ്യാപകമായി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങുന്നത്.
ഓരോ കോച്ചിലും കുറഞ്ഞത് നാല് സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുക. എഞ്ചിനുകളിൽ ആറ് ക്യാമറകളും സ്ഥാപിക്കും. ശനിയാഴ്ച കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവും റെയിൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടുവും ഉൾപ്പെടെ നടത്തിയ യോഗത്തിനുശേഷമാണ് ക്യാമറകൾ സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമായത്. മുമ്പ് ട്രെയിനുകളിൽ സ്ഥാപിച്ച ക്യാമറകൾ യാത്രക്കാരുടെ സുരക്ഷ വർധിപ്പിച്ചുവെന്ന് യോഗം വിലയിരുത്തി.
യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘടിത കുറ്റകൃത്യങ്ങൾ ഇങ്ങനെ ക്യാമറകൾ സ്ഥാപിച്ച ട്രെയിനുകളിൽ ഗണ്യമായി കുറഞ്ഞുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് എല്ലാ ട്രെയിനുകളിലും ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.
74000 പാസഞ്ചർ ട്രെയിൻ കോച്ചുകളിലും 15000 എഞ്ചിനുകളിലും ഇതോടെ ക്യാമറകൾ വരും. 100 കിലോമീറ്റർ വേഗതയും കുറഞ്ഞ പ്രകാശമുണ്ടെങ്കിൽ പോലും ഉയർന്ന റെസല്യൂഷനിൽ ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്ന ക്യാമറകളാണ് സ്ഥാപിക്കുക. 360 ഡിഗ്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ ക്യാമറകൾ പകർത്തും. കോച്ചുകളിലേക്ക് പ്രവേശിക്കുന്ന വാതിലുകളോട് ചേർന്നാകും രണ്ടുവീതം ക്യാമറകൾ സ്ഥാപിക്കുക. ലോക്കോമോട്ടീവുകളിൽ ആറെണ്ണം വീതമാണ് സ്ഥാപിക്കുക. മുന്നിലും പിന്നിലും ഒരെണ്ണം, ക്യാബിനുള്ളിൽ മുന്നിലും പിന്നിലും ഒരെണ്ണം, ലോക്കോമോട്ടീവിന്റെ വശങ്ങളിൽ ഓരോന്നുവീതം എന്നിങ്ങനെയാകും ക്യാമറകൾ സ്ഥാപിക്കുക. എഞ്ചിനിലെ ക്യാമറകൾ ശബ്ദവും പിടിച്ചെടുക്കും.
ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ പോലും ഇതിലൂടെ തിരിച്ചറിയാൻ സാധിക്കും. എന്നാൽ യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്ത തരത്തിലാകും ക്യാമറകൾ സ്ഥാപിക്കുക. യാത്രക്കാരുടെ കോച്ചിനകത്തുകൂടിയുള്ള സഞ്ചാരങ്ങൾ മാത്രമാകും ഇവ റെക്കോർഡ് ചെയ്യുക. അസ്വാഭാവിക നീക്കങ്ങൾ തിരിച്ചറിയാൻ ഇവ സഹായിക്കും.
إرسال تعليق
Thanks