തിരൂരങ്ങാടിയിൽ യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ സഹോദരനടക്കം 3 പേർ അറസ്റ്റിൽ.


ജൂണ്‍ 26 ന് വിദേശത്തു നിന്ന് എത്തി. സഹോദരനെ വധിക്കാന്‍ ദിവസങ്ങള്‍ നീണ്ട പദ്ധതി. പിടിക്കപ്പെടില്ലെന്ന് ഉറപ്പിച്ച കേസ് തിരുരങ്ങാടി പൊലീസ് പൊളിച്ചു. സഹോദരനും ക്വാട്ടേഷന്‍ സംഘാംഗങ്ങളും പിടിയില്‍ ; സിനിമയെ വെല്ലുന്ന പദ്ധതി തകര്‍ത്തത് തിരൂരങ്ങാടി പൊലീസിന്റെ അന്വേഷണ മികവില്‍


ചെമ്മാട്: തിരൂരങ്ങാടിയിൽ യുവാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ സഹോദരനടക്കം മൂന്നുപേർ അറസ്റ്റിൽ. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പൻതൊടിക നൗഷാദ് (36), ക്വട്ടേഷൻ സംഘാംഗങ്ങളായ താനൂർ ഏളാരം കടപ്പുറം ചെറിയകത്ത് മുഹമ്മദ് അസ്‌ലം (20) പന്താരങ്ങാടി പാറപ്പുറം വെള്ളക്കാട്ടിൽ സുമേഷ് (35) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്‌തത്. സഹോദരനായ മുഹമ്മദലിയെ (43) വധിക്കാനാണ് നൗഷാദ് ക്വട്ടേഷൻ നൽകിയത്. വധശ്രമത്തിൽ മുഹമ്മദലിക്ക് സാരമായ പരിക്കുമേറ്റിരുന്നു. ജൂലായ് 6 നാണ് സംഭവം.


പുലർച്ചെ 4.50ന് പ്രഭാത നിസ്‌കാരത്തിനായി ബൈക്കിൽ പോകവേ വീടിന് സമീപമുള്ള റോഡിൽ വെച്ച് മുഹമ്മദ് അസ്‌ലം സുമേഷ് എന്നിവർ മുഹമ്മദലിയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച ശേഷം കത്തിയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ മുഹമ്മദലിയെ സംഘം വീണ്ടും ആക്രമിച്ചു. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ എത്തിയപ്പോഴേക്കും

 അക്രമികൾ രക്ഷപ്പെട്ടു.


ആക്രമണത്തിൽ മുഹമ്മദലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുഹമ്മദലിയുടെ പിതാവിൻ്റെ രണ്ടാം ഭാര്യയിലുള്ള മകനാണ് നൗഷാദ്. ഇവർ തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് മുഹമ്മദലിയെ അപായപ്പെടുത്താൻ നൗഷാദ് കൂട്ടുപ്രതികൾക്ക് ക്വട്ടേഷൻ നൽകിയത്. അഡ്വാൻസ് ആയി 15000 രൂപ കൈമാറുകയും ചെയ്‌തിരുന്നു.


ദിവസങ്ങൾക്ക് മുമ്പ് ഗൾഫിൽനിന്നും എത്തിയ നൗഷാദ് മുഹമ്മദലിയെ അപായപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൻ്റെ ഭാഗമായി വീട്ടിൽ രഹസ്യമായി കഴിയുകയായിരുന്നു. തലേ ദിവസം പ്രദേശത്ത് സിസിടിവികളില്ലെന്ന് നിരീക്ഷിച്ച ശേഷമാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ മുഖംമൂടി ധരിച്ച് നമ്പർ പ്ളേറ്റില്ലാത്ത ബൈക്കിലെത്തിയാണ് കൃത്യം നടത്തിയത്.പൊലീസിൻ്റെ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സാധിച്ചത്. ചെമ്മാട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും 22 സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും നിരവധിപേരെ ചോദ്യം ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാനായത്.


മുഹമ്മദ് അസ്‌ലമിനെതിരെ താനൂർ പൊലീസിലും, സുമേഷിനെതിരെ തിരൂരങ്ങാടി പൊലീസിലും നേരത്തെ കേസുകളുണ്ട്. താനൂർ ഡിവൈഎസ്‌പി പി പ്രമോദിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ ബി പ്രദീപ് കുമാർ എസ്ഐമാരായ കെ പ്രമോദ്, പി ബിജു, എഎസ്ഐ കെ മഞ്ജുഷ, സിപിഒ പി അനീഷ്, താനൂർ ഡാൻസാഫ് അംഗങ്ങളായ കെ ബിജോയ്, പി ഷിജു, കെ അനീഷ്, പി ഷാബിൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha