പരപ്പനങ്ങാടി: തെരുവ് നായ ആക്രമണവും ശല്യവും രൂക്ഷമാവുന്ന സാഹചര്യത്തിൽ അത് നിയന്ത്രിക്കപ്പെടുന്നതിന് അനിമൽ ബെർത്ത് കൺട്രോൾ സെന്ററുകൾ (എ.ബി.സി.) ആരംഭിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മൃഗ സംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി പി. ചിഞ്ചുറാണി പറഞ്ഞു.കേരളത്തിൽ തെരുവ് നായ ശല്യം രൂക്ഷമാവുകയും ആക്രമണത്തിൽ കൂടുതൽ പേർക്ക് പരിക്കേൽക്കുകയും കുട്ടികളടക്കം മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയെ സന്ദർശിച്ച ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് തിരൂരങ്ങാടി താലൂക്ക് കമ്മറ്റി ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പല തദ്ദേശ സ്ഥാപനങ്ങൾക്കും എ.ബി.സി. സെന്ററുകൾ തുടങ്ങാനുള്ള സ്ഥല സൗകര്യമുണ്ടായിരിക്കെ സർക്കാർ എല്ലാ സഹായങ്ങളും നൽകാമെന്നേറ്റിട്ടും സെന്ററുകൾ തുടങ്ങാതെ മാറി നിൽക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തെരുവ് നായ ശല്യത്തിനെതിരെ സർക്കാർ ശക്തമായ നടപടികൾ ആവിഷ്കരിച്ച് വരികയാണെന്നും മന്ത്രി നിവേദക സംഘത്തെ അറിയിച്ചു. എൻ.എഫ്.പി.ആർ ജില്ലാ പ്രസിഡണ്ട് അബ്ദുറഹീം പൂക്കത്ത് , താലൂക്ക് ഭാരവാഹികളായ അറഫാത്ത് പാറപ്പുറം, അഷ്റഫ് കളത്തിങ്ങൽ പാറ, നസ്റുദ്ധീൻ തങ്ങൾ കൊട്ടന്തല, ഷാജി മുങ്ങത്തം തറ , റഈസ് പുളിക്കൽ, സി.പി.ഐ. തിരൂരങ്ങാടി ഏരിയ സെക്രട്ടറി കെ.മൊയ്തീൻ കോയ എന്നിവരുടെ നേത്രത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
Post a Comment
Thanks