കോഴിക്കോട് | ഇന്നും തുടരുന്ന കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മിന്നൽച്ചുഴലി. പ്രദേശത്ത് കനത്ത കൃഷിനാശമുണ്ടായി. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളിൽ പുലർച്ചെ വീശിയ കാറ്റിൽ വാഹനങ്ങൾക്കും വീടുകൾക്കും മേൽ മരങ്ങൾ വീണു. കല്ലാച്ചി തര്ബിയ മദ്രസയുടെ മേൽക്കൂര പറന്നുപോയി. പുലർച്ചെ ആഞ്ഞുവീശിയ കാറ്റിൽ താമരശ്ശേരി കാരാടി ഭാഗത്ത് പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി.സംസ്ഥാനത്തു പലയിടത്തും കനത്ത കാറ്റും മഴയും തുടരുകയാണ്. കനത്ത കാറ്റിൽ വീടുകൾക്കു നാശനഷ്ടമുണ്ട്.
എറണാകുളം ജില്ലയിൽ പലയിടത്തും ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ മരമൊടിഞ്ഞതു വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പെരിയാറിൽ വെള്ളം നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും ഇതുവരെ അപകടരമായ അവസ്ഥയിലേക്ക് മാറിയിട്ടില്ല. അതിരാവിലെ ആരംഭിച്ച കനത്ത മഴ ഒമ്പതു മണിയോടെ ശമിക്കുകയും പിന്നീട് ഇടവിട്ട് പെയ്യുകയുമാണ്. കുമ്പളം മേഖലയിലുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണു. കുമ്പളം നോർത്ത് വടക്കേച്ചിറ പ്രഭാസന്റെ വീടിനു മരം വീണ് കേടുപാടുകള്‍ പറ്റി. സെന്റ് ജോസഫ്സ് കോൺവെന്റിനു സമീപം കണ്ണാട്ട് ആന്റണിയുടെ വീട്ടിലേക്ക് ആഞ്ഞിലി കടപുഴകി വീണ് വൈദ്യുതിക്കമ്പികൾ പൊട്ടി. ആളപായമില്ല. കുമ്പളം പതിമൂന്നാം വാർഡിൽ ചേഞ്ചേരിൽ കടവിൽ സ്വകാര്യ വ്യക്തിയുടെ മതിലിഞ്ഞ് ഇടപ്പള്ളി പറമ്പിൽ ദാസൻ എന്ന മത്സ്യത്തൊഴിലാളിയുടെ വഞ്ചി തകർന്നു.
പിറവം മേഖലയിൽ ഇന്ന് രാവിലെ മുതൽ മഴ ശക്തമായി പെയ്യുന്നുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ അതിശക്തമായ കാറ്റിൽ തേക്ക് കടപുഴകി വീണ് പാമ്പാക്കുട പന്ത്രണ്ടാം വാർഡിൽ പതപ്പാമറ്റത്തിൽ ഷൈനി സാബുവിന് ഗുരുതര പരിക്കേറ്റു. പെട്ടന്ന് കാറ്റും മഴയും വന്നപ്പോൾ മുറ്റത്ത് അലക്കി വിരിച്ചിരുന്ന തുണി എടുക്കാനായി ഇറങ്ങിയപ്പോൾ അടുത്ത പുരയിടത്തിലെ വലിയ തേക്ക് കടപുഴകി ഷൈനിയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞിരുന്ന വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്.
ആലുവ മേഖലയിൽ പെരിയാർ കരകവിഞ്ഞൊഴുകുകയാണ്. എന്നാൽ പുറപ്പള്ളിക്കാവ് റെഗുലേറ്റർ കം ബ്രിജ് തുറക്കുന്നതുവഴി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്. അങ്കമാലി മേഖലയിലും രാവിലെ മുതൽ ഇടവിട്ടു മഴ പെയ്യുന്നുണ്ട്. എന്നാൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോതമംഗലം, മൂവാറ്റുപുഴ മേഖലകളിലും മഴയുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല. വൈപ്പിൻ, പറവൂർ മേഖലകളിലും മഴ ശക്തമായി തുടരുന്നുണ്ട്. തുടർച്ചയായി ശക്തമായ മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതാണ് സ്ഥിതി. മുൻ വർഷങ്ങളിൽ ഈ സമയത്തുണ്ടായ ശക്തമായ മഴയെത്തുടർന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. എറണാകുളം– ആലപ്പുഴ തീരദേശ റെയിൽപാതയിൽ പാതിരപ്പള്ളിക്കു സമീപം രാവിലെ ഏഴോടെ ട്രാക്കിലേക്കു തെങ്ങു വീണതിനെ തുടർന്നു ട്രെയിനുകൾ പിടിച്ചിട്ടു. ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളാണു വൈകിയത്. തെങ്ങ് വെട്ടിനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
Post a Comment
Thanks