മൊബൈൽ ഫോൺ അഡിക്ഷൻ, മാനസിക നില തകരാറിലായി; മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു


തിരുവനന്തപുരം: മാനസിക നില തകരാറിലായ മകന്റെ മർദ്ദനമേറ്റ പിതാവ് മരിച്ചു. അതിയന്നൂർ വെൺപകലിനു സമീപം പട്ട്യക്കാല സംഗീതിൽ സുനിൽകുമാറാണ് മരിച്ചത്. സംഭവത്തിൽ മകൻ സിജോയി സാമുവേലിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ സിജോയിയെ റിമാൻഡ് ചെയ്തു.

അമിതമായ മൊബൈൽ ഫോൺ ഉപയോഗവും വീഡിയോ ഗെയിം ആസക്തിയും മൂലമാണ് മകൻ സിജോയിയുടെ മാനസിക നില തകരാറിലായതെന്നാണ് റിപ്പോർട്ട്. മൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ കൂടുതല്‍ ചൊടിപ്പിച്ചിരുന്നു. സുനിൽകുമാർ- ലളിതകുമാരി ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനാണ് സിജോയി.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സിജോയിയുടെ മാനസികനില തകരാറിലായിരുന്നു. ഇടയ്ക്ക് ചികിത്സ നടത്തുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നെങ്കിലും ആക്രമണം തുടർന്നു. ഇതോടെ സുനിൽ കുമാറും ഭാര്യ ലളിത കുമാരിയും കാഞ്ഞിരംകുളത്ത് വാടകയ്ക്ക് താമസം മാറി. എന്നാൽ സിജോയിക്ക് ദിവസവും ഇവർ ഭക്ഷണം എത്തിച്ചിരുന്നു.

ഭക്ഷണവുമായി എത്തിയ പിതാവിനോട്, ഇയാൾ പണം ആവശ്യപ്പെടുകയും അതു ലഭിക്കാതെ വന്നതോടെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ് വീണ സുനിൽ കുമാറിനെ നാട്ടുകാരാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കാൽതെറ്റി വീണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ വീഴ്ചയിലേറ്റ പരിക്കല്ലെന്ന് മനസ്സിലാക്കിയ ഡോക്ടർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

അടുത്തിടെ സിജോയ് ആവശ്യപ്പെട്ടതുപ്രകാരം രക്ഷിതാക്കള്‍ ബൈക്ക് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍, ഇതിന് മൈലേജില്ലെന്ന് പറഞ്ഞ് മറ്റൊരു ബൈക്ക് വാങ്ങിത്തരാന്‍ സിജോയ് വാശിപിടിച്ചിരുന്നു. ബേക്കറി ഉടമയായ സുനില്‍കുമാര്‍ എല്ലാദിവസവും മകന് പോക്കറ്റ് മണിയായി 150 രൂപയും നല്‍കിയിരുന്നു. വീഡിയോ ഗെയിമുകളും കൂടാതെ ഇന്റര്‍നെറ്റ് വഴിയുള്ള പല സാമ്പത്തിക ഇടപാടുകളും സിജോയിക്ക് ഉണ്ടായിരുന്നോയെന്നും സംശയമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിച്ചു വരികയാണ്. സുനില്‍കുമാര്‍ മരിച്ചതോടെ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha