തിരൂരങ്ങാടി: നഗരസഭയിലെ പള്ളിപ്പടിയിൽ പ്രവർത്തിച്ചുവരുന്ന കരുണാ ആശുപത്രിയുടെ അനധികൃത കെട്ടിട നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട പരാതിയിൽ ഇന്റേണൽ വിജിലൻസ് തിരൂരങ്ങാടി നഗരസഭയിൽ നേരിട്ട് എത്തി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.
നഗരസഭയിലെ രേഖകൾ വിശദമായി പരിശോധിച്ച ശേഷം വിജിലൻസ് സംഘം കരുണാ ആശുപത്രി കെട്ടിടങ്ങളും പരിസരവും പരിശോധനാ വിധേയമാക്കി. 2011ൽ നിർമ്മിച്ച കെട്ടിടത്തിന് ഒട്ടനവധി ചട്ടവിരുദ്ധ പ്രവർത്തികളാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിനെതിരെ പള്ളിപ്പടി ജനകീയ സമിതി ചെയർമാൻ എംപി സ്വാലിഹ് തങ്ങൾ നൽകിയ പരാതിയെ തുടർന്നായിരുന്നു വിജിലൻസ് പരിശോധന.
ആശുപത്രി പുറന്തള്ളുന്ന മാലിന്യം മൂലം പ്രദേശവാസികളുടെ ജലസ്രോതസ്സുകൾ എല്ലാം മലിനമായതിനെ തുടർന്ന് ഒട്ടേറെ പരാതികളാണ് നിലവിലുള്ളത്. ഇതിനെതിരെ ഒട്ടനവധി സമരപരിപാടികളും ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.
ആശുപത്രിയുടെ മലിനീകരണ പ്രശ്നങ്ങൾ സംബന്ധിച്ച് പിസിബി നഗരസഭ ആരോഗ്യ വകുപ്പ് എന്നിവർക്ക് വ്യക്തമായ ബോധ്യമുണ്ടായിരിക്കെ നടപടി സ്വീകരിക്കാത്തതിൽ പള്ളിപ്പടി ജനസമിതി പ്രതിഷേധം രേഖപ്പെടുത്തി.ഹോസ്പിറ്റൽ മാനേജ്മെന്റിനെ വഴിവിട്ട് സഹായിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജനകീയസമിതി.
അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത ആശുപത്രിക്ക് എതിരെ നടപടി സ്വീകരിക്കാൻ നാളിതുവരെ അധികൃതർ തയ്യാറായിട്ടില്ല.
ആശുപത്രിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെയും ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെയും വരും നാളുകളിൽ ശക്തമായ സമര പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.
തെളിവെടുപ്പിൽ ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ മനോജ്.കെ,ഖാലിദ് അസിസ്റ്റൻറ് ടൗൺ പ്ലാനർ സുഭാഷ്,റഹൂഫ് എന്നിവരും പള്ളിപ്പടി ജനകീയ സമിതി ചെയർമാൻ എം പി സ്വാലിഹ് തങ്ങൾ, ഡോ: മുഹമ്മദ് റഫീഖ്,അഷറഫ് ടി.എം, സമീർ കൊണ്ടാണത്ത് തുടങ്ങിയവരും സന്നിഹിതരായി.
Post a Comment
Thanks