ആലപ്പുഴ | ആകാശം ആര്‍ത്തലച്ചുപെയ്യുകയായിരുന്നു. ചുറ്റും പനിനീര്‍പ്പൂക്കളും മുല്ലമാലകളും കൊരുത്തിട്ട ശയ്യയില്‍ അന്ത്യയാത്രയ്ക്കായി ആ പോരാളി നെഞ്ചുവിരിച്ചു കിടന്നു. എന്നും ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ജീവിച്ച, ജനനായകനു മുന്നില്‍ ആള്‍ക്കൂട്ടം ഉച്ചത്തില്‍ വിളിച്ചു- 'കണ്ണേ കരളേ വി.എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ, ഇല്ലായില്ല മരിക്കില്ല. സഖാവ് വി.എസ്. മരിക്കുന്നില്ല...'. അവിരാമം ആഞ്ഞടിക്കുന്ന ആലപ്പുഴയുടെ കടല്‍ത്തിരകള്‍ അതേറ്റുവിളിച്ചു, ദിഗന്തങ്ങളില്‍ അത് മാറ്റൊലിക്കൊണ്ടു. ആലപ്പുഴയുടെ മണ്ണില്‍ ആ ചുവന്ന നക്ഷത്രം ജ്വലിച്ചമര്‍ന്നു.
കനത്ത മഴയായിരുന്നു ആലപ്പുഴയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ പെയ്തത്. ജനങ്ങളാകട്ടെ, തിരമാലപോലെ അവിടേയ്‌ക്കൊഴുകി. കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ വിവിധ ജില്ലകളില്‍നിന്നുള്ള പാര്‍ട്ടിപ്രവര്‍ത്തകരും അല്ലാത്തവരുമായ ആളുകള്‍ ആലപ്പുഴയില്‍ എത്തിയിരുന്നു, അവരുടെ കണ്ണും കരളുമായിരുന്ന നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍... ആ നേതാവിന്റെ പോരാട്ടങ്ങള്‍ക്ക് ചൂടും ചൂരുംപകര്‍ന്ന ആലപ്പുഴയുടെ മണ്ണ് കാത്തുകിടക്കുകയായിരുന്നു, ആ മകനെ നെഞ്ചോടുചേര്‍ക്കാന്‍. എക്കാലവും ആള്‍ക്കൂട്ടത്തിനു നടുവിലായിരുന്ന ആ നേതാവിനുചുറ്റും ജനക്കൂട്ടം തിരതള്ളിയാർത്തു. മനുഷ്യരുടെ കൈകള്‍ ആകാശത്തേയ്ക്കുയര്‍ന്നു, മുഖരിതമായി 'ഇങ്ക്വിലാബ് സിന്ദാബാദ്'- ജീവിതം സമരമാക്കിയ, ഒന്നിനോടും സമരസപ്പെടാതിരുന്ന ഒരു യഥാര്‍ഥ കമ്യൂണിസ്റ്റിന് അവര്‍ വിടനല്‍കി.
ബാര്‍ട്ടണ്‍ഹില്ലിലെ മകന്റെ വീട്ടിലും പിന്നീട് ദര്‍ബാര്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷമായിരുന്നു ചൊവ്വാഴ്ച 2.30-ഓടെ വിലാപയാത്രയായി ആലപ്പുഴയ്ക്ക് പുറപ്പെട്ടത്. പ്രതീക്ഷിച്ചതില്‍ ഏറെവൈകി ബുധനാഴ്ച ഉച്ചയോടെയാണ് വിലാപയാത്ര ആലപ്പുഴയിലെത്തിയത്. വഴിനീളെയുള്ള അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിയത്. പിന്നീട്, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊതുദര്‍ശനത്തിന് ശേഷം ബീച്ച് റിക്രീയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു.
ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടില്‍ സംസ്‌കാരം നടത്താനായിരുന്നു നേരത്തേ തീരുമാനം. എന്നാല്‍, പ്രിയനേതാവിനെ അവസാനമായി കാണാന്‍ ജനസാഗരം ഇരമ്പിയെത്തിയതോടെ മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്. ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടില്‍നിന്ന് മൃതദേഹം വലിയ ചുടുകാട്ടിലെത്തിച്ചപ്പോള്‍ ഒന്‍പത് മണിയായി. 9.15-ഓടെ മകൻ അരുൺകുമാർ ചിതയിൽ അഗ്നിപകർന്നു. അന്തരീക്ഷം ആയിരക്കണക്കിന് തൊണ്ടകളിൽനിന്നുയർന്ന മുദ്രാവാക്യംവിളികളാൽ മുഖരിതമായി- വിട വി.എസ്.
إرسال تعليق
Thanks