സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മതസംഘടനകളുമായി സർക്കാർ വെള്ളിയാഴ്ച ചർച്ചനടത്തും. വൈകീട്ട് നാലരയ്ക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചേംബറിൽവെച്ചാണ് ചർച്ച. മദ്രസ്സാവിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. സമസ്ത ഏകോപന സമതിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കും.
ബുധനാഴ്ച നടത്താനിരുന്ന ചര്‍ച്ചയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. സമസ്തയടക്കം വിവിധ സംഘടനകള്‍ സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിര്‍ത്തിരുന്നു. സമരപ്രഖ്യാപനം ഉള്‍പ്പെടെ ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായത്. ഭൂരിപക്ഷം രക്ഷിതാക്കളും സ്‌കൂള്‍ സമയമാറ്റത്തെ അംഗീകരിക്കുന്നെന്ന പഠനറിപ്പോര്‍ട്ടിലെ എതിര്‍പ്പ് സമസ്ത ഉന്നയിക്കുമെന്നാണ് സൂചന. സര്‍വേ നടത്തിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ഉണ്ടാക്കേണ്ടതെന്നും ആറ് ജില്ലകളില്‍ മാത്രം നടത്തിയ സര്‍വേ പര്യാപ്തമല്ലെന്നുമുള്ള അഭിപ്രായമാണ് സമസ്തയ്ക്കുള്ളത്.
സ്കൂൾസമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നായിരുന്നു സമസ്ത നേതാക്കൾ പരാതിപ്പെട്ടത്. തുടർന്ന് സമയമാറ്റമെന്ന തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ സ്കൂൾ സമയമാറ്റത്തിൽനിന്ന് പിന്നോട്ടില്ല എന്ന നിലപാടായിരുന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്വീകരിച്ചിരുന്നത്. മതസാമുദായിക സംഘടനകൾക്ക് അടിമപ്പെടില്ലെന്നും സ്കൂൾ സമയമാറ്റത്തിൽനിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
നിമിഷപ്രിയ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുമായി സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ സ്കൂൾമാറ്റവുമായി ബന്ധപ്പെട്ട് ചർച്ച നടന്നിരുന്നു. രേഖാമൂലം സർക്കാരിനെ കാര്യങ്ങൾ അറിയിച്ചിട്ടും വിഷയത്തിൽ സർക്കാർ ഇടപെടാത്ത സാഹചര്യത്തിൽ സമസ്ത പ്രതിഷേധത്തിനൊരുങ്ങിയിരുന്നു. ഇതിനിടെയാണ് സർക്കാർ മതസംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാകുന്നത്.
إرسال تعليق
Thanks