കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലീയറിന് നന്ദി പറഞ്ഞ് ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീംകോടതി അഭിഭാഷകനുമായ കെ. ആര്‍. സുഭാഷ് ചന്ദ്രന്‍.
നിമിഷപ്രിയയ്ക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന എല്ലാ പഴികള്‍ക്കും മാപ്പ് ചോദിക്കുന്നുവെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുഭാഷ് ചന്ദ്രന്‍ പറയുന്നു. നിമിഷയുടെ മോചനത്തിനായി ഇനിയും കടമ്പകള്‍ കടക്കാനുണ്ടെന്നും സര്‍ക്കാരുകളും വ്യക്തികളും സംഘടനകളുമൊക്കെ അതിനായി സജീവമായി രംഗത്തുണ്ടെന്നും കുറിപ്പില്‍ പറയുന്നു. നിമിഷപ്രിയയുടെ മോചനം ഉടന്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാമെന്നും കുറിപ്പില്‍ പറയുന്നു
അവിശ്വാസിയായ തനിക്ക് വിശ്വാസികളുടെ സുല്‍ത്താനില്‍ ഒരിക്കല്‍ പോലും അവിശ്വാസം നേരിടാത്ത ദിനരാത്രങ്ങളായിരുന്നു. അത്രമേല്‍ ആത്മാര്‍ത്ഥമായിരുന്നു കാന്തപുരത്തിന്റെ ഇടപെടല്‍. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ ഷെയ്ഖ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയര്‍ക്ക് ഹൃദയത്തില്‍ നിന്നുമൊരു ലാല്‍സലാം എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടാത്തതാണ് ജീവന്‍ ; അതുകൊണ്ടു തന്നെ അറിഞ്ഞു കൊണ്ടു കൊലക്കു കൊടുക്കുന്നതിന് എന്നും എതിരാണ്. വധശിക്ഷ പ്രാകൃതമാണെന്നും പരിഷ്‌കൃത സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ടതാണെന്നും വിശ്വസിക്കുന്നു.
മനുഷ്യരായാല്‍ തെറ്റുകള്‍ ചെയ്‌തേക്കാം ; മൃതദേഹങ്ങളും ഗര്‍ഭസ്ഥ ശിശുക്കളും മാത്രമേ തെറ്റു ചെയ്യാത്ത മനുഷ്യരായി ഉണ്ടാകൂ എന്നല്ലേ?
ചേര്‍ത്തുപിടിച്ചു തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ആകണം -
തെറ്റുകള്‍ തിരുത്തി ശരിമയുടെ പാതയില്‍ സഞ്ചരിക്കാന്‍ അവസരങ്ങള്‍ ഒരുക്കണം.
എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും യെമനിലെ നീതി നിര്‍വഹണ സംവിധാനം നിമിഷ പ്രിയയെ കുറ്റക്കാരിയെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ചതാണ്. ശരിഅ നിയമത്തിലെ ദിയാധനം എന്ന മാര്‍ഗം ഉപയോഗിച്ച് നിമിഷയെ കൊലമരത്തില്‍ നിന്നും രക്ഷിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്.
ഒടുവില്‍ നിമിഷയുടെ വധശിക്ഷ റദ്ധാക്കപ്പെട്ടിരിക്കുന്നു! ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ ഷെയ്ഖ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയര്‍ക്ക് ഹൃദയത്തില്‍ നിന്നുമൊരു ലാല്‍സലാം ???
അവിശ്വാസിയായ എനിക്ക് വിശ്വാസികളുടെ സുല്‍ത്താനില്‍ ഒരിക്കല്‍ പോലും അവിശ്വാസം നേരിടാത്ത ദിനരാത്രങ്ങള്‍. അത്രമേല്‍ ആത്മവിശ്വാസത്തോടെ നടത്തിയ ഇടപെടലുകള്‍.
94 ആം വയസ്സിന്റെ പരിക്ഷീണമൊന്നും അലട്ടാതെ, അര്‍പ്പിതബോധത്തോടെ നേര്‍വഴിക്കു ഞങ്ങളെ നയിച്ച, ലക്ഷ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഉസ്താദിനും ടീം മര്‍കസിനും ഒരായിരം അഭിവാദ്യങ്ങള്‍ ??
നിമിഷയുടെ ജയില്‍ മോചനമെന്ന കടമ്പ ഇനിയും കടക്കാനുണ്ട് ; സര്‍ക്കാരുകളും നിരവധി വ്യക്തികളും സംഘടനകളുമൊക്കെ അതിനായി സജീവമായി രംഗത്തുണ്ട് - അതും ഉടന്‍ സാധ്യമാക്കാനാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നതിന്, നിമിഷക്ക് വേണ്ടി നിലകൊണ്ടതിന് കേള്‍ക്കേണ്ടിവന്ന എല്ലാ പഴികള്‍ക്കും ഞങ്ങള്‍ അങ്ങയോട് മാപ്പ് ചോദിക്കുന്നു.
ബഹു. കാന്തപുരത്തിനൊപ്പം ഞങ്ങളോട് തോളോട് തോള്‍ ചേര്‍ന്ന് നിന്ന ഒരായിരം സുമനസുകളുണ്ട്; നിസ്സീമമായ പിന്തുണ തന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമുണ്ട്. സര്‍ക്കാരും, കോടതികളുമുണ്ട്. എല്ലാവര്‍ക്കും ഹൃദയം ചേര്‍ത്തുവെച്ച ഒരായിരം നന്ദി ????
إرسال تعليق
Thanks