ജിമെയിൽ തുറക്കുമ്പോൾ അസ്വസ്ഥത ഉണ്ടാക്കുന്ന കാഴ്ചകളിലൊന്നാണ് ഇൻബോക്സിൽ വന്നു നിറഞ്ഞു കിടക്കുന്ന പ്രൊമോഷണൽ ഇമെയിലുകളും ന്യൂസ്‌ലെറ്ററുകളും. വെബ്സൈറ്റുകളിൽ ലോഗിൻ ചെയ്യുമ്പോൾ അറിഞ്ഞോ അറിയാതെയോ സബ്‌സ്ക്രൈബ് ചെയ്തവയാകും ഇവയിൽ ഭൂരിഭാഗവും. ഇത്തരത്തിൽ വരുന്ന ഇമെയിലുകളിൽ ഭൂരിഭാഗവും നമുക്ക് ആവശ്യമില്ലാത്തവയായിരിക്കും. ഇവ ഓരോന്നും തിരഞ്ഞുപിടിച്ച് അൺസബ്‌സ്ക്രൈബ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ.
ഇതിനായി 'മാനേജ് സബ്‌സ്ക്രിപ്ഷൻ' എന്ന പുതിയ ഫീച്ചറാണ് ഗൂഗിൾ ജിമെയിൽ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചത്. ന്യൂസ്‌ലെറ്ററുകൾ, പ്രൊമോഷണൽ ഇമെയിലുകൾ, സബ്‌സ്ക്രിപ്ഷൻ ഇമെയിലുകൾ എന്നിവ വരുന്നത് തടയാൻ ഈ ഫീച്ചർ ഉപയോഗിക്കാം.
ജിമെയിൽ ആപ്പിലും വെബ് പേജിലും ഇടത് ഭാഗത്തെ നാവിഗേഷൻ സെക്ഷനിൽ താഴെയായി ഈ പുതിയ ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ, നമുക്ക് ന്യൂസ്‌ലെറ്ററുകളും പ്രൊമോഷണൽ മെയിലുകളും മറ്റും അയക്കുന്നവരുടെ പട്ടിക കാണാം. ഓരോന്നിന്റെയും വലതുഭാഗത്തായി കാണുന്ന 'അൺസബ്‌സ്ക്രൈബ്' ബട്ടണിൽ ക്ലിക്ക് ചെയ്ത് അനാവശ്യ മെയിലുകൾ ഒഴിവാക്കാം.
ജിമെയിലിന്റെ വെബ് വേർഷനിൽ ഇന്ന് മുതൽ ഈ ഫീച്ചർ ലഭ്യമാണ്. ജിമെയിലിന്റെ ആൻഡ്രോയിഡ് ആപ്പിൽ ജൂലൈ 14 മുതലും ഐഒഎസിൽ ജൂലായ് 21 മുതലും ഈ ഫീച്ചർ ലഭ്യമാകും. എല്ലാ പേഴ്സണൽ അക്കൗണ്ടുകളിലും വർക്സ്‌പേസ് അക്കൗണ്ടുകളിലും ഈ ഫീച്ചർ പ്രവർത്തിക്കും.
Post a Comment
Thanks