തിരൂർ: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ മൂന്നാം പ്രതിയെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു. വിചാരണയുടെ രണ്ടാം ദിവസമായ ഇന്നലെയാണ് ദൃക്സാക്ഷിയായ ഹംസ പ്രതിയെ തിരിച്ചറിഞ്ഞത്. ഫൈസൽ കൊല്ലപ്പെട്ട സ്ഥലത്ത് ഹോട്ടൽ നടത്തുന്നയാളായിരുന്നു ഹംസ.
സാധാരണ പുലർച്ചെ നാലു മണിക്ക് ഹോട്ടൽ തുറക്കാറുള്ള താൻ സംഭവ ദിവസം കടയുടെ ഷട്ടർ പകുതി തുറന്ന് ഹോട്ടൽ അടുക്കളയിൽ പലഹാരം ഉണ്ടാക്കുന്നതിനിടെ വലിയ നിലവിളി കേട്ട് പുറത്തിറങ്ങാൻ തുനിയുമ്പോൾ ഓടി വന്ന പ്രതികളിലൊരാളായ ശ്രീകേഷ് ഷട്ടർ ഉയർത്താൻ അനുവദിക്കാതെ ഷട്ടർ താഴ്ത്തുകയും ഭയന്ന താൻ ഉള്ളിൽ നിൽക്കുകയായിരുന്നെന്നും ഹംസ കോടതിയെ അറിയിച്ചു. പിന്നീട് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോവുന്ന ശബ്‌ം കേട്ടപ്പോൾ ഷട്ടർ പൊന്തിച്ച് നോക്കി. ആരെയോ അവിടെ വെട്ടിക്കൊന്നെന്ന് പള്ളിയിലെ മൗലവി ആംഗ്യം കാട്ടി. നായരുടെ മകൻ ഫൈസലിനെയാണ് വെട്ടിക്കൊന്നതെന്ന് ഓടിക്കൂടിയവർ പറഞ്ഞെന്നും ഹംസ കോടതിയെ അറിയിച്ചു. കേസിലെ പതിനാറ് പ്രതികളും ഒരേ തരം വസ്ത്രം ധരിച്ചാണ് ഇന്നലെ കോടതിയിൽ എത്തിയത്. അതിൽ നിന്നും മൂന്നാം പ്രതിയായ ശ്രീകേഷിനെ ഹോട്ടൽ ഉടമ തിരിച്ചറിഞ്ഞു. ഇനി വരുന്ന 14-ാം തിയതി സാക്ഷിവിസ്‌താരം നടക്കും.
2016 നവംബർ 19ന് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് കേസിനാസ്പദമായ സംഭവം. ഇസ്ലാം സ്വീകരിച്ചതിനാണ് ആർഎസ്എസുകാർ ഫൈസലിനെ കൊലപ്പെടുത്തിയത്. സൗദി അറേബ്യയിൽനിന്ന് നാട്ടിലെത്തിയ ഫൈസൽ ഭാര്യാപിതാവിനെയും മാതാവിനെയും താനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കൂട്ടിക്കൊണ്ടുവരാൻ ഓട്ടോയിൽ സഞ്ചരിക്കവെയായിരുന്ന ആക്രമണം.
പ്രജീഷ് ബാബു, ബിബിൻ, ശ്രീകേഷ്, സുധീഷ് വെളളിയാംപുറം, പടിഞ്ഞാട്ടകത്ത് മഠത്തിൽ നാരായണൻ, ഹരിദാസൻ, പ്രദീപ്, ദിനേശൻ, സുനിൽ, സജീഷ്, വിനോദ്, ജയപ്രകാശൻ പരപ്പനങ്ങാടി, ജയകുമാർ, ലിജേഷ് പള്ളിപടി പാലത്തിങ്ങൽ. രതീഷ്.വിഷ്ണു പ്രകാശ് എന്നിവരാണ് പ്രതികൾ.
കേസിലെ രണ്ടാം പ്രതി
വിപിൻ 2017ൽ വെട്ടേറ്റു കൊല്ലപ്പെട്ടിരുന്നു. തിരൂർ യാസർ കൊലക്കേസിലെ പ്രതിയായിരുന്ന നാരായണൻ ഈ കൊലയിലും മുഖ്യസൂത്രധാരകനായിരുന്നു. കേസ് ആദ്യം ലോക്കൽ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ആദ്യഘട്ടങ്ങളിൽ പ്രതികൾക്ക് അനുകൂലമായ നടപടികളും ഡമ്മി പ്രതികളെ ഹാജരാക്കാനുള്ള ശ്രമങ്ങളും ഉണ്ടായെന്ന് ആരോപണമുയർന്നു. എസ്ഡിപിഐ, മുസ്ലിം ലീഗ്, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളുടെ പ്രതിഷേധത്തെ തുടർന കേസ് മുന്നോട്ടുകൊണ്ടുപോയി.
കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. കുമാരൻകുട്ടിയെ
നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസലിന്റെ ഭാര്യ ജസ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2024 സെപ്റ്റംബറിൽ അഡ്വ. പി ജി മാത്യുവിനെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചു. പക്ഷേ, അദ്ദേഹം രാജിവച്ചതിനെ തുടർന്ന് ജസ്‌നയുടെ ആവശ്യപ്രകാരം അഡ്വ. കുമാരൻകുട്ടിയെ തന്നെ സർക്കാർ നിയമിച്ചു.
Post a Comment
Thanks