'ഉറക്കില്ല, ശ്വാസംമുട്ടിക്കും, പിടയുമ്പോൾ വിടും, വീണ്ടും ആവർത്തിക്കും'; ഭർത്താവിന്റെ ക്രൂരപീഡനം വിവരിച്ച് ജാസ്മിൻ



കോഴിക്കോട്: കുണ്ടുങ്ങലില്‍ യുവതി ഭർത്താവില്‍നിന്ന് നേരിട്ടത് ക്രൂരപീഡനം. കുണ്ടുങ്ങലില്‍ താമസിക്കുന്ന ജാസ്മിനെയാണ് ഭർത്താവ് സി.കെ.നൗഷാദ് നിരന്തരം ഉപദ്രവിച്ചിരുന്നത്. കഴിഞ്ഞദിവസം ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവമുണ്ടായതോടെ പോലീസില്‍ പരാതി നല്‍കുകയും നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.


കഴിഞ്ഞ ചൊവ്വാഴ്ച ജാസ്മിനെ കാണാൻ മാതാപിതാക്കള്‍ കുണ്ടുങ്ങലിലെ വീട്ടിലെത്തിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് നൗഷാദ് ജാസ്മിനെ കൊല്ലാൻശ്രമിച്ചതെന്നാണ് ആരോപണം. ക്രൂരമർദനത്തിനും കൊലപാതകശ്രമത്തിനും ശേഷം കുപ്പിയില്‍ പെട്രോളുമായി വീട്ടിലെത്തിയ നൗഷാദ് ഭീഷണിമുഴക്കി. എന്നാല്‍, ഭയംകാരണം ജാസ്മിൻ വാതില്‍തുറന്നില്ല. ഇതോടെ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ജാസ്മിന്റെ സഹോദരിയുടെ സ്കൂട്ടർ ഇയാള്‍ പെട്രോളൊഴിച്ച്‌ കത്തിക്കുകയുംചെയ്തിരുന്നു.


ക്രൂരമായ മർദനത്തിന് പിന്നാലെയാണ് നൗഷാദ് പെട്രോളുമായി ആക്രമിക്കാനെത്തിയതെന്നാണ് ആരോപണം. ജാസ്മിന്റെ മുഖത്തും കൈകളിലും അടിച്ചുപരിക്കേല്‍പ്പിച്ചിരുന്നു. കത്തികൊണ്ട് നെറ്റിയില്‍ വരച്ച്‌ പരിക്കേല്‍പ്പിച്ചു. ഇതിനുശേഷം വീട്ടില്‍നിന്ന് പോയ നൗഷാദ് പിന്നീട് പെട്രോളുമായി തിരികെ എത്തുകയായിരുന്നു.


നൗഷാദ് നേരത്തേയും ക്രൂരമായി മർദിച്ചിട്ടുണ്ടെന്നാണ് ജാസ്മിൻറെ ആരോപണം. ജാസ്മിൻ നേരത്തേ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയെടുത്തതിനെച്ചൊല്ലിയായിരുന്നു ഇതിന് മുൻപ് വഴക്കുണ്ടാക്കിയത്. ഇതിന്റെപേരില്‍ പലതവണ മർദിച്ചു. ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചതായും ജാസ്മിൻ ആരോപിച്ചു. 'നീ എന്റെ ഉറക്കംകളഞ്ഞു, അതുകൊണ്ട് നീ ഉറങ്ങേണ്ട എന്നുപറഞ്ഞ് ഉറങ്ങാൻ സമ്മതിക്കില്ല. തലയില്‍ വെള്ളമൊഴിക്കും. കൈപിടിച്ച്‌ തിരിക്കും. വായില്‍ വിരലിട്ട് അകത്തിപിടിക്കും. തലയ്ക്കടിക്കുകയുംചെയ്യും. ചൊവ്വാഴ്ച പുലർച്ചെ കത്തിയെടുത്ത് നെറ്റിയില്‍വരച്ചു. കൊല്ലുമെന്ന് പറഞ്ഞ് ശ്വാസംമുട്ടിച്ചു. ശ്വാസംകിട്ടാതെ ഞാൻ പിടയുമ്ബോള്‍ വിടും. വീണ്ടും ഇത് ആവർത്തിക്കും,' ജാസ്മിൻ പറഞ്ഞു.


അതേസമയം, നൗഷാദ് ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് ജാസ്മിന്റെ മാതാപിതാക്കളുടെ ആരോപണം. കഴിഞ്ഞായാഴ്ചയും ആക്രമണമുണ്ടായെന്നും ഇവർ പറഞ്ഞു. പോലീസ് അറസ്റ്റ് ചെയ്ത നൗഷാദിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്ചെയ്തു.


Post a Comment

Thanks

أحدث أقدم
Moonniyur Vartha