കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പടക്കംപൊട്ടി; വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്


നിലമ്പൂർ : കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പടക്കം കൈയിലിരുന്ന് പൊട്ടി വനപാലകന് പരിക്ക്. നിലമ്പൂർ അകമ്പാടം വനം സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് അസ്ലമിനാണ് പരിക്കേറ്റത്.


ചാലിയാർ പഞ്ചായത്തിലെ പണപ്പൊയിൽ ഭാഗത്ത് കാട്ടാനകളെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നെന്ന് നാട്ടുകാർ അറിയിച്ചതോടെയാണ് അകമ്പാടം വനം സ്റ്റേഷനിലെ വനപാലകർ വനംവകുപ്പിന്റെ വാഹനത്തിൽ പണപ്പൊയിലിലേക്ക് എത്തിയത്. തുടർന്ന് കാട്ടാനകളെ ക്യഷിയിടത്തിൽനിന്ന് കാടുകയറ്റാനുള്ള ശ്രമത്തിനിടയിലാണ് അപകടം.


കൈയിലിരുന്ന പടക്കംപൊട്ടിയാണ് പരിക്കേറ്റത്. കൈക്ക് പൊള്ളലേറ്റു. നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പുലർച്ചെ മൂന്നോടെയാണ് സംഭവം.


ചാലിയാർ പഞ്ചായത്തിന്റെ മലയോരഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായിരിക്കുകയാണ്. രാത്രിയായാൽ വീടിന് പുറത്തിറങ്ങാൻകഴിയാത്ത അവസ്ഥയാണ്. പുറത്തിറങ്ങിയാൽ ഏതുസമയത്തും കാട്ടാനകൾക്കു മുൻപിൽപ്പെടാം.


പുലർച്ചെ ടാപ്പിങ്ങിനു പോയിരുന്ന തൊഴിലാളികൾ ഇപ്പോൾ നേരംപുലർന്ന ശേഷമാണ് പോകുന്നത്. ആനശല്യം രൂക്ഷമായതോടെ വനപാലകരും നെട്ടോട്ടത്തിലാണ്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha