പേവിഷ വാക്സിൻ എടുത്തിട്ടും 2 മാസത്തിനിടെ മരിച്ചത് മൂന്നുകുട്ടികൾ


തിരുവനന്തപുരം: പേവിഷവാക്സിൻ എടുത്തിട്ടും ഏപ്രിൽ, മേയ് മാസങ്ങളിലായി മൂന്നുകുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ വാക്സിൻ ആയിരുന്നില്ല പ്രശ്നമെന്ന് ആരോഗ്യവകുപ്പ്. കുട്ടികളെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രികളിൽ വാക്സിനൊപ്പം നൽകേണ്ട ഇമ്യൂണോഗ്ലോബുലിൻ ലഭ്യമായിരുന്നില്ല. കടിയേറ്റയുടൻ അരമണിക്കൂർസമയം തുടർച്ചയായി മുറിവ് സോപ്പുപയോഗിച്ച് ശുദ്ധജലത്തിൽ കഴുകുന്നതടക്കമുള്ള കാര്യങ്ങൾ നടന്നിട്ടില്ല. എന്നാൽ, ഇതാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നില്ല.


കഴുത്തിലും തലയിലും കടിയേറ്റിരുന്നതിനാൽ വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചിട്ടുണ്ടാകാമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് വകുപ്പ്, ബാലാവകാശ കമ്മിഷന് സമർപ്പിച്ചു. ഇതിനാൽ പ്രതിരോധകുത്തിെവപ്പ്‌ ഫലപ്രദമാവാതെ പോകുകയായിരുന്നുവെന്നും പറയുന്നു. വാക്സിൻ നൽകുന്നതടക്കമുളള ഒരുകാര്യത്തിലും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് നേരത്തേതന്നെ ആരോഗ്യവകുപ്പിന്റെ വിശദീകരണം.


മലപ്പുറം തിരൂരങ്ങാടിയിലും പത്തനാപുരം വിളക്കുടിയിലും മരിച്ച കുട്ടികളെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രികളിലാണ് ഇമ്യൂണോഗ്ലോബുലിൻ ലഭ്യമാകാതിരുന്നത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മുറിവ് കഴുകി പ്രതിരോധ കുത്തിവെപ്പ്‌ നൽകി. ഇമ്യൂണോഗ്ലോബുലിൻ നൽകിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ അയച്ചാണ്. തലയിലും തോളിലും കാലിലുമാണ് കടിയേറ്റത്.


പത്തനാപുരം വിളക്കുടിയിൽ മേയിൽ മരിച്ച കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് പ്രാഥമികാരോഗ്യകേന്ദ്രത്തിലായിരുന്നു. പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ഇമ്യൂണോഗ്ലോബുലിൻ നൽകിയത്. െെകയിലും കാലിലും ആഴത്തിലുള്ള മുറിവുകളാണ് പത്തനംതിട്ട നാരങ്ങാനത്ത് മരിച്ച മൂന്നാമത്തെ കുട്ടിക്കുമുണ്ടായിരുന്നത്. ഈ കുട്ടിക്ക് യഥാസമയം വാക്സിനുകൾ നൽകിയിരുന്നുവെന്നാണ് വിലയിരുത്തൽ.


കുട്ടികൾക്ക് നൽകിയ വാക്സിൻ കാലഹരണപ്പെടാൻ ഒരുവർഷമെങ്കിലും സമയം അവശേഷിക്കുന്നവയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുപ്രവർത്തകനായ കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് ആരോഗ്യവകുപ്പ് ബാലാവകാശ കമ്മിഷന് വിശദീകരണം നൽകിയത്.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha