18 അടി നീളം കണ്ടിട്ടും റോഷ്‌നി ഭയന്നില്ല!; കൂറ്റന്‍ രാജവെമ്പാല പിടിയില്‍


തിരുവനന്തപുരം: പേപ്പാറ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥ റോഷ്‌നിയുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.


ഇന്ന് രാവിലെയാണ് സംഭവം. സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ നാട്ടുകാരാണ് കടവിലെ പാറയ്ക്ക് മുകളിലായി കിടന്നിരുന്ന രാജവെമ്പാലയെ കണ്ടത്. ഏതാണ്ട് പതിനെട്ടടിയോളം വരുന്ന രാജവെമ്പാലയെ കണ്ട് ഭയന്ന നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് അടുത്ത കാലത്തൊന്നും രാജവെമ്പാലയെ കണ്ടിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.


നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ്കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ സംഘം സ്ഥലത്തെത്തിയത്. തോടിന് കരയിലുണ്ടായിരുന്ന രാജവെമ്പാലയെ ആറ് മിനിറ്റോളമെടുത്താണ് പിടികൂടാനായത്. ഇതിനകം അഞ്ഞൂറില്‍പരം പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പാലയെ പിടിക്കുന്നത് ആദ്യമായാണെന്ന് റോഷ്‌നി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ രാജവെമ്പാലയെ കാണുന്നത് അപൂര്‍വമായിട്ടാണ്. പിടികൂടാന്‍ ശ്രമിച്ചതോടെ ഇത് വെള്ളത്തിലേക്ക് ഇറങ്ങിയത് അല്‍പം ബുദ്ധിമുട്ടുണ്ടാക്കി. നീളം കൂടുതലായിരുന്നെങ്കിലും പെട്ടെന്ന് തന്നെ വരുതിയിലാക്കാനായെന്നും റോഷ്‌നി പറഞ്ഞു. രാജവെമ്പാലയെ ഉള്‍ക്കാട്ടില്‍ തുറന്നുവിടാനാണ് തീരുമാനം

Post a Comment

Thanks

Previous Post Next Post
Moonniyur Vartha