തീപിടിത്തത്തിന് രണ്ടുമാസം; അത്യാഹിത വിഭാഗം ഇനിയും തുറന്ന് കൊടുത്തില്ല, രോഗികളെക്കൊണ്ട് തിങ്ങിനിറഞ്ഞ് പഴയ കാഷ്വാലിറ്റി കെട്ടിടം..!


  കോഴിക്കോട്:തീപിടിത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടം രണ്ട് മാസമായിട്ടും തുറന്നു കൊടുത്തില്ല. അറ്റകുറ്റപ്പണി പൂർത്തിയാക്കി തുറക്കാൻ ഇനിയും മൂന്നാഴ്‌ചയോളമെടുക്കുമെന്ന് ആശുപത്രി അധികൃതർ.


രോഗികളെക്കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ് പഴയ കാഷ്വാലിറ്റി കെട്ടിടം. മെയ് രണ്ടിനാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ യുപിഎസ് മുറിയിയിൽ പൊട്ടിത്തെറിയുണ്ടായത്. പിന്നാലെ മെയ് അഞ്ചിന് അതേ കെട്ടിടത്തിൽ തന്നെ വീണ്ടും തീപിടിത്തമുണ്ടായി.


ഇതിന്ന് പിന്നാലെ കെട്ടിടം പൂട്ടുകയും പഴയ കാഷ്വാലിറ്റി കെട്ടിടം താത്കാലിക അത്യാഹിത വിഭാഗമായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓപ്പറേഷൻ തിയേറ്ററുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങളും മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. പിഴവുകളെല്ലാം പരിഹരിച്ച് എത്രയും പെട്ടെന്ന് തന്നെ കാഷ്വാലിറ്റി പ്രവർത്തനമാരംഭിക്കുമെന്നാണ് അന്ന് പുറഞ്ഞതെങ്കിലും ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ്. ഇതുമൂലം അത്യാഹിക വിഭാഗത്തിലെത്തുന്ന രോഗികളും കഷ്‌ടപ്പെടുകയാണ്.


കെട്ടിടത്തിലെ വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടാതെ മറ്റ് വിഭാഗങ്ങളിലും പരിശോധന നടക്കുന്നുവെന്നുമാണ് മെഡിക്കൽ കോളജ് അധികൃതരുടെ പ്രതികരണം. മൂന്നാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവരെല്ലാം ആശ്രയിക്കുന്നത് കോഴിക്കോട് മെഡിക്കൽ കോളജിനെയാണ്. ദിനം പ്രതി നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്. അത്യാഹിത വിഭാഗം ഉടൻ തുറന്നു പ്രവർത്തിക്കാൻ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ വേണമെന്നാണ് രോഗികളുടെ ആവശ്യം.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha