പോസ്റ്റ് ഓഫീസുകളിൽ ഇനി ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താം; മാറ്റം ഓഗസ്റ്റ് മുതൽ


ദില്ലി:  രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകളിൽ ഓഗസ്റ്റ് മുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങും. പോസ്റ്റ് ഓഫീസുകളുടെ ഐടി സിസ്റ്റത്തിൽ ഒരു പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കുന്നത് പൂർത്തിയാക്കിയ ശേഷമാണ് കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ തുടങ്ങുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 


യുപിഐ സംവിധാനവുമായി അക്കൗണ്ടുകൾ സമന്വയിപ്പിക്കാത്തതിനാൽ പോസ്റ്റ് ഓഫീസുകൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ, ഡൈനാമിക് ക്യുആർ കോഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ പ്രാപ്തമാക്കുന്ന പുതിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് തപാൽ വകുപ്പ് അതിന്റെ ഐടി ഇൻഫ്രാസ്ട്രക്ചർ നടപ്പിലാക്കുകയാണ്. 2025 ഓഗസ്റ്റോടെ എല്ലാ തപാൽ ഓഫീസുകളിലും ഇത് നടപ്പാക്കുമെന്നാണ് സൂചന. 


തുടക്കത്തിൽ, ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിനായി പോസ്റ്റ് ഓഫീസുകളിലെ സെയിൽ കൗണ്ടറുകളിൽ പോസ്റ്റ് വകുപ്പ് സ്റ്റാറ്റിക് ക്യുആർ കോഡ് അവതരിപ്പിച്ചിരുന്നു. എന്നാൽ, ആവർത്തിച്ചുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും ഉപഭോക്തൃ പരാതികളും കാരണം, ഈ സംവിധാനം നിർത്തേണ്ടി വന്നു. 


ഈ ജനുവരിയിൽ, രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വഴി സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍, ഈ സൗകര്യം പോസ്റ്റ് ഓഫീസ് കൗണ്ടറുകളില്‍ മാത്രമേ ലഭ്യമാകൂ. ഇത് വഴി പുതിയ ഉപഭോക്താക്കളുടെ അക്കൗണ്ട് തുറക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനുമുള്ള സൗകര്യം ഒരുക്കും. 


ഇതിനുപുറമെ, നിലവിലുള്ള ഉപഭോക്താക്കളുടെ ഇ-കെവൈസി, കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യും. പേപ്പര്‍ രഹിത പ്രവര്‍ത്തനങ്ങള്‍ക്കായി പോസ്റ്റ് ഓഫീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് അതിവേഗം നീങ്ങുകയാണ്. ഇത് കണക്കിലെടുത്താണ് ആധാര്‍ ബയോമെട്രിക് വഴി ഉപഭോക്താക്കള്‍ക്ക് സൗകര്യം ഒരുക്കാന്‍ വകുപ്പ് തീരുമാനിച്ചത്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha