ദൃശ്യം മോഡല്‍ കൊലപാതകം വീണ്ടും; ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം തമിഴ്‌നാട്ടില്‍ നിന്നും കണ്ടെടുത്തു; മൂന്നുപേര്‍ പിടിയില്‍


കോഴിക്കോട്: ഒന്നരവര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ്. കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്‌നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ നിന്നും പൊലീസ് കണ്ടെത്തി. ഒന്നരവര്‍ഷം മുന്‍പ് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കാണാനില്ലെന്ന പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത മായനാട് എന്ന സ്ഥലത്തായിരുന്നു ഹേമചന്ദ്രന്‍ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു



കേസുമായി ബന്ധപ്പെട്ട് മുന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് തമിഴ്‌നാട്ടലെ ചേരമ്പാടി എന്ന സ്ഥലത്തെ വനമേഖലയില്‍ ഹേചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതായി മൊഴി നല്‍കിയത്. തുടര്‍ന്ന് പ്രതികളുമായി പൊലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ ചേരമ്പാടിയില്‍ വച്ച് മൃതദേഹം കണ്ടെത്തുകയും ചെയ്തു. വളരെ രഹസ്യമായിട്ടായിരുന്നു പൊലീസിന്റെ ഓപ്പറേഷന്‍.

കൊല്ലപ്പെട്ട ഹേമചന്ദ്രന്‍ ചെറിയ രീതിയില്‍ ചിട്ടികള്‍ നടത്തിയ ആളായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ഭാഗമായി ഹേമചന്ദ്രന്‍ പലര്‍ക്കും പണം നല്‍കാനുണ്ടായിരുന്നു. അതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പണം ലഭിക്കാനുള്ള ആളുകള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഹേമചന്ദ്രന്‍ മെഡിക്കല്‍ കോളജിനടുത്തെത്തി. അതിനുശേഷം പഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പണം തിരികെ നല്‍കുമെന്ന് ഹേമചന്ദ്രന്‍ പറയുകയും ചെയ്തു.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കാന്‍ ഹേമചന്ദ്രന് കഴിഞ്ഞില്ല. തുടര്‍ന്ന് പണം ലഭിക്കാനുള്ള മൂന്ന് പേര്‍ ഇയാളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെ ഒരു മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തു. പിറ്റേദിവസം ഇവര്‍ എത്തിയപ്പോള്‍ ഹേമചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതിനുശേഷം മൃതദേഹം തമിഴ്‌നാട്ടിലേക്ക് ചേരമ്പാടിയിലെ വനമേഖലയില്‍ കൊണ്ടുപോയി സംസ്‌കരിച്ചു. പൊലീസിനെ വഴി തെറ്റിക്കാനായി രാമചന്ദ്രന്റെ സിം മൂവരില്‍ ഒരാള്‍ ഉപയോഗിക്കുകയും ചെയ്തു. ഈ സിം ഉപയോഗിച്ച് ഹേമചന്ദ്രന്റെ മകളെ ഫോണില്‍ വിളിച്ച് താന്‍ മൈസൂരിലുണ്ടെന്ന് അറിയിക്കുയും ചെയ്തു.


അച്ഛന്‍ അവസാനമായി വിളിച്ചത് മൈസൂരില്‍ നിന്നാണെന്ന് ഹേമചന്ദ്രന്റെ മകള്‍ പൊലീസിനെ അറിയിച്ചിരുന്നു. മൊബൈലിന്റെ സിഡിആര്‍ അടക്കം പരിശോധിച്ച് നടത്തിയ അന്വഷണത്തിലാണ് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടക്കത്തില്‍ നിഷേധിച്ചെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റകൃത്യം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് കലക്ടറുടെ അനുമതി തേടിയ ശേഷമാണ് പ്രതികളുമായി പൊലീസ് ചേരമ്പാടിയില്‍ എത്തുകയും മൃതദേഹം കണ്ടെടുക്കുകയും ചെയ്തത്.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha