ഇറാന്റെ പ്രത്യാക്രമണത്തില്‍ ഞെട്ടി ഇസ്രയേല്‍ ; 63 പേര്‍ക്ക് പരിക്കേറ്റു, നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു


ഇസ്രയേലിന് തിരിച്ചടിയായി ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 63 പേര്‍ക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എട്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളതെന്നും ഇസ്രയേല്‍ ആംബുലന്‍സ് ഏജന്‍സി ഉള്‍പ്പെടെയുള്ളവെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ആദ്യം നൂറിലധികം ഡ്രോണുകള്‍ ഉപയോഗിച്ച്‌ ഇസ്രയേലില്‍ ആക്രമണം നടത്തിയ ഇറാന്‍, പിന്നീട് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടു. അതേസമയം ഇറാനില്‍ വീണ്ടും ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറന്നതായും സൂചനയുണ്ട്.


ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. തെല്‍ അവീവിന്റെ പരിസര പ്രദേശങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടന്നിട്ടുണ്ടെന്നും പരിക്കേറ്റവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യോമാക്രമണങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഇസ്രയേലിലെ മിക്ക പ്രദേശങ്ങളിലും സൈറണുകള്‍ മുഴങ്ങി. തുടര്‍ന്ന് ആളുകളോട് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ആക്രമണ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയോ ലൊക്കേഷന്‍ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്യരുത് എന്ന് ഇസ്രയേല്‍ വ്യോമസേന ജനങ്ങളോട് ആവശ്യപ്പെട്ടു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha