EVM ഹാക്ക് ചെയ്യാനാകുമെന്ന് വീഡിയോ ചെയ്ത മലയാളിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു


 മുംബൈ: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍(EVM) ഹാക്ക് ചെയ്യാനാകുമെന്ന് വീഡിയോ സഹിതം അവകാശപ്പെട്ട മലയാളി യൂടൂബര്‍ക്കെതിരെ കേസ്. യുഎസില്‍ ജോലി ചെയ്യുന്ന ഷുജാ സയ്യിദിനെതിരെ മുംബൈ സൈബര്‍ പൊലീസ് ആണ് നടപടി സ്വീകരിച്ചത്.

എക്‌സിറ്റ് ഫലങ്ങളെ വെല്ലുന്ന വിധത്തില്‍ ബി.ജെ.പി വിജയിച്ച മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഇവിഎം ക്രമക്കേട് ആരോപിക്കുന്നതിനിടെയാണ് ഷുജാ സയ്യിദ് സമാനമായ വാദം അവതരിപ്പിച്ചത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഇവിഎം ക്രമക്കേടിനു സാധ്യതയുണ്ടെന്നാണ് യുവാവ് യൂടൂബില്‍ പങ്കുവച്ച വിഡിയോയിലൂടെ വാദിച്ചത്. യുഎസ് പ്രതിരോധ വകുപ്പില്‍ നിന്ന് ലഭിച്ചതായി അവകാശപ്പെടുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവിഎം ഫലങ്ങള്‍ കൃത്രിമമാക്കാമെന്ന് ഷുജ പറയുന്നു.



വീഡിയോ വൈറലായതോടെ ഷുജയുടെ അവകാശവാദങ്ങള്‍ തള്ളി മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസ്താവനയിറക്കി. പിന്നാലെ പരാതി നല്‍കുകയുമായിരുന്നുതെരഞ്ഞെടുപ്പ് കമ്മിഷന്‍ മുംബൈ സൈബര്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിത(BNS) 317/4, ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്.

ഇവിഎമ്മുകളില്‍ ക്രമക്കേട് നടത്താനാകില്ലെന്നും വൈഫൈ, ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള ഒരു നെറ്റ്‌വര്‍ക്കുമായും ബന്ധിപ്പിക്കാനാകില്ലെന്നും മഹാരാഷ്ട്ര ചീഫ് ഇലക്ടറല്‍ ഓഫിസര്‍ (CEO) അറിയിച്ചു.


2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും സമാനമായ വാദം ഉന്നയിച്ചതിന് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

2019ല്‍ യുകെയില്‍ നടന്ന ഒരു അക്കാദമിക കോണ്‍ഫറന്‍സിലാണ് ഇവിഎം ഹാക്ക് ചെയ്യാനാകുമെന്ന് ഷുജാ സയ്യിദ് ആദ്യം വാദിച്ചത്. അവസാനമായി യുകെയിലാണ് ഇദ്ദേഹത്തിന്റെ ലൊക്കേഷന്‍ കണ്ടെത്തിയതെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha