വിവിധ മതാചാര പ്രാർത്ഥനാ ചടങ്ങുകളോടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ സംസ്കരിച്ചു


വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാൻ കഴിയാതിരുന്ന മൂന്ന് മൃതദേഹങ്ങൾ സംസ്കരിച്ചു. സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ നിർദേശപ്രകാരം കൽപറ്റ പൊതു ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകളും ചടങ്ങുകളും നടത്തിയതിന് ശേഷമാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. മന്ത്രി ഒ ആർ കേളു, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, സ്പെഷ്യൽ ഓഫീസർമാരായ സാംബശിവ റാവു, ശ്രീധന്യ സുരഷ്, ടി സിദ്ധീഖ് എംഎൽഎ, മുൻ എംഎൽഎ സി കെ ശശീന്ദ്രൻ, സബ് കളക്ടർ മിസാൽ സാഗർ ഭരത് എന്നിവരും ജനപ്രതിനിധികളും അന്ത്യോപചാരമർപ്പിച്ചു.


തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എട്ട് ഗ്രാമ പഞ്ചായത്തുകളിലായിട്ടാണ് സംസ്‌കാരത്തിനുള്ള സൗകര്യം അധികൃതർ ഒരുക്കിയിരിക്കുന്നത്. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം അധികൃതർ ഒരുക്കിയിരിക്കുന്നത്.


അതേസമയം, മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ. ജി ശ്രീധന്യ സുരേഷിനെയാണ് നോഡല്‍ ഓഫീസറായി സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. മേപ്പാടി ​ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിലായി തിരിച്ചറിയാനാവാത്ത 74 മൃദേഹങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങളുമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

Post a Comment

Thanks

Previous Post Next Post