പെരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍; മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കണം. - എസ്.വൈ.എസ്.


പറമ്പില്‍പീടിക:

പെരുവള്ളൂര്‍ പഞ്ചായത്തിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ ചികിത്സക്കുള്ള പ്രധാന ആശ്രയമായ പെരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങളൊരുക്കി പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് സുന്നി യുവജന സംഘം പറമ്പില്‍പീടിക സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.


കിടത്തി ചികിത്സക്കുള്ള ഐസൊലേഷന്‍ വാര്‍ഡിനും വിശാലമായ ഒ.പി സൗകര്യത്തിനും വേണ്ടിയുള്ള പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളുടെ കരാര്‍ ഉറപ്പിക്കലും  പ്രവൃത്തിയുടെ പ്രാരംഭ നടപടികളും മാസങ്ങള്‍ക്ക് മുന്നേ ആരംഭിച്ചിരുന്നുവെങ്കിലും ഇതിൽ കാര്യമായ പുരോഗതികളൊന്നുമില്ല.


ബദല്‍ സംവിധാനം ഒരുക്കാതെയും കൃത്യമായ ആസൂത്രണങ്ങളില്ലാതെയും നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഒ.പി. കെട്ടിടം പൊളിച്ച് മാറ്റിയതോടെ അങ്ങേയറ്റം പരിമിതമായ സൗകര്യത്തിലാണ് നിലവില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെയും പ്രധാന സേവനങ്ങളുടെയും കുറവ് ദിനേന ചികിത്സക്കെത്തുന്ന വൃദ്ധര്‍, കുഞ്ഞുങ്ങള്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് വലിയ തരത്തിലുള്ള പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത്‌ മൂലം പല ഘട്ടങ്ങളിലും ജനങ്ങള്‍ക്ക്‌ പരിസരത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാചര്യം ഉണ്ട്. ഇത് പാവപ്പെട്ട രോഗികളുടെ പ്രയാസം ഇരട്ടിപ്പിക്കും, യോഗം അഭിപ്രായപ്പെട്ടു.


ഗവ. ആരോഗ്യ കേന്ദ്രത്തിലെ ബില്‍ഡിങ്ങ് നിര്‍മ്മാണത്തിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച്,  ത്വരിത ഗതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രാദേശിക, ജില്ലാ ഭരണകൂടങ്ങൾ , സ്ഥലം എം.എല്‍.എ, സംസ്ഥാന ആരോഗ്യ വകുപ്പ് എന്നിവർക്ക് എസ്.വൈ.എസ് പ്രത്യേക നിവേദനം സമര്‍പ്പിക്കുകയും ജനപ്രതിനിധികളെ നേരില്‍ കണ്ട് വിഷയം ഉണര്‍ത്തുകയും ചെയ്യും.


യോഗത്തില്‍ പ്രസിഡണ്ട് സമദ് സഖാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് അസ്ലം, ജാഫര്‍ അഞ്ചാലന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഭാരവാഹികളായ ഖാലിദ് അഹ്‌സനി, ഉവൈസ്. കെ , അബ്ദു റസാഖ് അഹ്‌സനി, ശംസുദ്ധീന്‍ നിസാമി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post