മരം കയറ്റി വന്ന ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളായി ഗതാഗത തടസ്സം


താമരശ്ശേരി |  വയനാട് ചുരം ഏഴാം വളവിൽ ഇന്നലെ അർധരാത്രി മരം കയറ്റിയ ലോറി കുടുങ്ങിയതിനെ തുടർന്ന് അനുഭവപ്പെട്ട ഗതാഗത തടസ്സം തുടരുന്നു. അർധരാത്രി മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഓണാവധി തുടങ്ങിയതോടെ ചുരം യാത്രക്കാർ മണിക്കൂറുകൾ ഗതാഗത കുരുക്കിൽ അകപ്പെടുന്ന സ്ഥിതിയാണ് പൊതുവേയുള്ളത്.


ചുരത്തിന് താങ്ങാനാവുന്നതിലും അധികം വാഹനങ്ങളാണ് നിലവിൽ ഇതുവഴി കടന്നുപോകുന്നത്. വാഹന തിരക്കിനോടൊപ്പം അശ്രദ്ധമായി വരുത്തുന്ന അപകടങ്ങളും മരങ്ങൾ കടപുഴകിയും പാറക്കല്ലുകൾ അടർന്നു വീണും മറ്റും ഗതാഗതക്കുരുക്ക് ചുരത്തിൽ പതിവായിരിക്കുകയാണ്. ഫലത്തിൽ ഈ ഓണക്കാലത്തും ചുരം യാത്രക്കാർക്ക് ദുരിതം തന്നെയാണ് ഓണക്കാഴ്ചയായുള്ളത്.


ഏറെ ഗതാഗത തിരക്കുള്ള ഈ ദേശീയപാതയിലെ വയനാട് ചുരത്തിൽ ബൈപാസ് നിർമിക്കണമന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കുണ്ട്. നിർദിഷ്ട ചിപ്പിലിത്തോട് - മരുതിലവ് - തളിപ്പുഴ ബൈപാസ് യാഥാർഥ്യമാക്കി പരിഹരിക്കാവുന്ന പ്രശ്നമാണ് സർക്കാരിന്റെയും ജനപ്രതിനിധികളുടെയും തികഞ്ഞ അവഗണന മൂലം യാത്രക്കാരെ ചുരത്തിൽ പച്ച വെള്ളം പോലും കിട്ടാത്ത അവസ്ഥയിൽ തളച്ചിടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

Post a Comment

Thanks

Previous Post Next Post