പടിക്കൽ– കരുവാങ്കല്ല് എയർപോർട്ട് റോഡിലെ കുമ്മന്തൊടി പാലം ഉടൻ ഗതാഗതയോഗ്യമാക്കും


തേഞ്ഞിപ്പലം: കൊണ്ടോട്ടി-മൂന്നിയൂർ പടിക്കൽ ഭാഗത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പൊളിച്ചു പണിത കുമ്മന്തൊടി പാലം ഉടൻ ജനങ്ങൾക്ക് തുറന്നുകൊടുത്തേക്കും. കളിഞ്ഞ ഡിസംബറിൽ പൊളിച്ച പാലം ജനുവരിയിൽ വാഹന ഗതാഗതയോഗ്യമാക്കും. അതിന് വേണ്ടി അന്തിമ പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പാലത്തിൻ്റെ പണി ഏകദേശം പൂർത്തിയായിട്ടുണ്ട്.പരസ്പരം ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് നിർമാണം ഒരുവശവും പൂർത്തിയായിട്ടുണ്ട്. പടിക്കൽ ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.


ജനുവരി അവസാന വാരം പാലം ഗതാഗതത്തിന് തുറക്കാൻ സാധിക്കും വിധത്തിലാണ് പണികൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചതായി പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൽ കലാം പറഞ്ഞു. ഭീമൻ അരികുഭിത്തി കോൺക്രീറ്റിങ് വഴി സ്ഥാപിച്ചാണ് അപ്രോച്ച് റോഡ് നിർമാണം നടത്തുന്നത്. മൂന്നിയൂർ കരയിലാണ് പ്രധാനമായും അപ്രോച്ച് റോഡ് നിർമാണം വേണ്ടത്.


പെരുവള്ളൂർ കരയിൽ മുൻപേ അപ്രോച്ച് റോഡിന് പാകത്തിൽ റോഡ് ഒരുക്കിയതിനാൽ ഇപ്പോൾ താരതമ്യേന പണികൾ കുറവായിരുന്നു. 5 കോടിയിൽപരം രൂപ മുടക്കിയാണ് പടിക്കൽ– കരുവാങ്കല്ല്– എയർപോർട്ട് റോഡിലെ കുമ്മന്തൊടി പാലം പൊളിച്ചു പണിതത്. അനേകർ ആശ്രയിക്കുന്ന പ്രധാന റോഡ് ഒരു വർഷത്തോളമായി അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങൾക്ക് പോകാൻ താത്കാലിക സംവിധാനങ്ങൾ പോലുമില്ലാത്തതിനാൽ ഇതു വഴി പോകേണ്ട വാഹനങ്ങൾ കിലോമീറ്ററുകൾ താണ്ടിയാണ് പോകുന്നത്.


എയർപോർട്ടടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡിലെ പാലമായതിനാൽ ഉടൻ തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Thanks

Previous Post Next Post