കടലുണ്ടി |ചാലിയം കടുക്ക ബസാർ, ബൈത്താനി തീരങ്ങളിൽ രൂക്ഷമായ കടലാക്രമണം. ആർത്തലച്ചെത്തിയ തിരമാലകളിൽ ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി. ഇന്നലെ ഉച്ചയ്ക്കു 2നു തുടങ്ങിയ കടലിളക്കം വൈകിട്ടു 6 വരെ തുടർന്നു. കടൽഭിത്തി തകർന്ന ഭാഗത്തു കൂടിയാണു വെള്ളം എത്തുന്നത്. തീരത്തും വീട്ടുവളപ്പിലും കടൽ വെള്ളം കെട്ടിനിന്നു. വലിയ ഉയരത്തിൽ തിരമാലയോടു കൂടിയാണു വെള്ളം കരയിലേക്ക് അടിച്ചു കയറിയത്. ശക്തമായ മുഴക്കവും ഉണ്ടായി. ഭിത്തി കവിഞ്ഞു വീട്ടുവളപ്പിലേക്കു വെള്ളം വ്യാപിച്ചതോടെ ജനം പരിഭ്രാന്തരായി. ബൈത്താനി മേഖലയിൽ പലയിടത്തും കടൽഭിത്തി ഉയരം കുറവാണ്.
കടൽ പ്രക്ഷുബ്ധമായാൽ കടലോരത്തു താമസിക്കുന്നവർക്ക് ഭീതിയാണ്.ബേപ്പൂർ, ചാലിയം പുലിമുട്ടുകൾ നീളം കൂട്ടിയ കാലം മുതൽ ചെറിയൊരു തിരയടിയുണ്ടായാൽ പോലും ബൈത്താനി ഭാഗത്ത് കാര്യമായി ബാധിക്കും. കടലിൽ 50 മീറ്റർ ദൂരത്തിൽ ചെറിയ തരത്തിലുള്ള പുലിമുട്ടുകൾ നിർമിച്ചും കടൽഭിത്തി വീതിയും ഉയരവും കൂട്ടി ബലപ്പെടുത്തിയും കടലാക്രമണം തടയാൻ തടയാൻ നടപടി വേണമെന്നു തീരവാസികൾ ആവശ്യപ്പെട്ടു.
Post a Comment
Thanks