മെഡിക്കൽ പി ജി വിദ്യാർത്ഥികൾ സമരം തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടാഴ്ചയാകുന്നു. നീറ്റ് പി ജി അലോട്ട്മെന്റ് അനിശ്ചിതമായി വൈകിയതിനെ തുടർന്ന് ആരംഭിച്ച ഈ സമരം ഹൗസ് സർജന്മാർ കൂടി ഏറ്റെടുത്തിരിക്കുകയാണ്.
നീറ്റ് പി ജി അലോട്ട്മെന്റ് വിഷയത്തിൽ സർക്കാർ ഇടപെടുക, ഒഴിവുള്ള തസ്തികകൾ താൽക്കാലികമായി നികത്തി ജോലിഭാരം കുറക്കുക തുടങ്ങി തികച്ചും ന്യായമായ ആവശ്യങ്ങളുയർത്തി, മുൻ അറിയിപ്പ് നൽകിയും സൂചന സമരം ഉൾപ്പെടെ നടത്തിയും ഘട്ടംഘട്ടമായാണ് സമരം സംഘടിപ്പിച്ചത്. എന്നാൽ സമരത്തോട് സർക്കാർ പുലർത്തിയ നിഷേധാത്മക നിലപാടാണ്, മെഡിക്കൽ കോളേജുകളുടെ സാധാരണ പ്രവർത്തനം താറുമാറാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. വിദ്യാർത്ഥിനികളെ ഉൾപ്പെടെ ഹോസ്റ്റലുകളിൽ നിന്ന് ഇറക്കി വിടുക പോലോത്ത ജനാധിപത്യ വിരുദ്ധ രീതികളിലാണ് സമാധാനപരമായ സമരത്തോട് സർക്കാർ പ്രതികരിച്ചത് എന്നത് തീർത്തും പ്രതിഷേധാർഹമാണ്.
കോവിഡ് മഹാമാരിയിലുൾപ്പെടെ കേരളത്തിന്റെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന ഈ യുവ ഡോക്ടർമാരുടെ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസവും പൊതുജനാരോഗ്യവുമെല്ലാം സർക്കാരിന്റെ ഉത്തരവാദിത്തങ്ങളാണെന്നിരിക്കെ,
വിദ്യാർത്ഥികളുമായി അവശ്യ ചർച്ചകൾ ഉടനടി നടത്തി, മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലേക്കെത്തിക്കാൻ സർക്കാർ മുന്നോട്ട് വരണം .
സാധാരണ ജനങ്ങളുടെ പ്രധാന ആശ്രയമായ മെഡിക്കൽ കോളേജുകളുടെ സുഗമമായ നടത്തിപ്പിനെ ബാധിച്ചതോടെ, ഈ വിഷയം കേവലം വിദ്യാർത്ഥികളുടെ പ്രശ്നം എന്നതിനപ്പുറത്തേക്ക് ഒരു പൊതു പ്രശ്നമായി മാറിയിരിക്കുകയാണ്.
ജനങ്ങളുടെ ചികിത്സ മുടങ്ങാതിരിക്കാനുള്ള ജാഗ്രത സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടതുണ്ട്.
Post a Comment
Thanks