കാലിക്കറ്റ്, മഹാത്മാഗാന്ധി സർവകലാശാലകൾ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി.കാലിക്കറ്റ് സർവകലാശാലയിലേക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് www.cuonline.ac.in/ug വഴി അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ഓഗസ്റ്റ് 22 വൈകുന്നേരം അഞ്ചു മണി വരെ സൗകര്യമുണ്ടാകും.
രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് 20 ഓപ്ഷനുകൾ നൽകാവുന്നതാണ്. എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് സർവകലാശാല ഓൺലൈൻ രജിസ്ട്രേഷൻപ്രകാരം അപേക്ഷിച്ച വിദ്യാർഥികളിൽനിന്ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് പ്രവേശനം നടത്തുന്നത്.
കമ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന അതത് കമ്യൂണിറ്റിയിൽപ്പെട്ട വിദ്യാർഥികൾ കമ്യൂണിറ്റി ക്വാട്ടയ്ക്കുവേണ്ടി അപേക്ഷിക്കുന്നു എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയും നേരത്തേ തിരഞ്ഞെടുത്ത 20 ഓപ്ഷനുകൾക്ക് പുറമേ യോഗ്യതയ്ക്കനുസരിച്ച് അഞ്ച് ഓപ്ഷനുകൾ നൽകേണ്ടതുമാണ്. അന്തിമസമർപ്പണം നടത്തിയവർക്കും രജിസ്ട്രേഷൻ പേജിലെ നിർദേശങ്ങൾക്ക് വിധേയമായി പുതിയ ഓപ്ഷനുകൾ ചേർക്കാവുന്നതാണ്.
മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിൽ ബിരുദപ്രവേശനത്തിന് ഏകജാലകത്തിലൂടെ ഓഗസ്റ്റ് 24-ന് വൈകീട്ട് നാലുവരെ www.cap.mgu.ac.in വഴി രജിസ്റ്റർ ചെയ്യാം. വിശദമായ ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിക്കും. ഓൺലൈൻ അപേക്ഷയിലെ തെറ്റ് തിരുത്താനും നിശ്ചിത സാക്ഷ്യപത്രങ്ങൾ അപ്ലോഡ് ചെയ്യാനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും 18-ന് വൈകീട്ട് അഞ്ചുവരെ സൗകര്യമുണ്ട്.
Post a Comment
Thanks