കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞവർക്ക് 2021 മുതൽ ഇക്കാമ പുതുക്കി നൽകില്ല. കുവൈത്തില്‍ നിന്നു കേരളത്തിലേക്ക് ആഗസ്ത് 19 മുതല്‍ 31വരെ ഇന്‍ഡിഗോയുടെ 16 സര്‍വീസുകള്‍.


കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ, ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് തത്തുല്യയോഗ്യത ഇല്ലാത്ത വിദേശികൾക്ക് ഇനി മുതൽ തൊഴിൽ കരാർ പുതുക്കി നൽകില്ലെന്ന് മാനവവിഭവ ശേഷി സമിതി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ വ്യക്തമാക്കി. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് 2021 ജനുവരി ഒന്ന് മുതലാണ്.

തൊഴിൽ നിയമത്തിലെ 552/2018 ലെ 29ാം ഖണ്ഡികയിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ്. രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ ഇത് സംബന്ധിച്ച വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത് ഇപ്പോഴാണ്. മലയാളികൾ അടക്കം ആയിരക്കണക്കിന് വിദേശികൾക്ക് ഇത് കനത്ത തിരിച്ചടിയാകും.

സർക്കാരിന്‍റെ സ്ഥിതിവിവരക്കണക്ക് പ്രകാരം ബിരുദം ഇല്ലാത്ത 60 വയസ്സ് തികഞ്ഞ 83,562 വിദേശികളാണ് രാജ്യത്തുള്ളത്. ഇതിൽ 15,487 പേർ നിരക്ഷരരാണ്. വായിക്കാനും എഴുതാനും അറിയാവുന്ന 24000ത്തോളം പേരും പ്രാഥമിക വിദ്യാഭ്യാസം നേടിയ 10,000 പേരും ഇൻറർമീഡിയറ്റ് യോഗ്യതയുള്ള 16000 പേരും 60 വയസ്സ് കഴിഞ്ഞവരിൽ ഉണ്ട്.

മന്ത്രിസഭാനിർദേശ പ്രകാരം കഴിഞ്ഞയാഴ്ച മാൻപവർ അതോറിറ്റി ബോർഡ് അംഗങ്ങൾ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തിരുന്നു . ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ 60 വയസ്സിനു മുകളിലുള്ളവരുടെ കാര്യത്തിൽ തീരുമാനം വന്നിരിക്കുന്നത്.

തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡം ആകുമ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് അടുത്ത വർഷത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരും.

✒️കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനായി വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കുവൈത്തില്‍ നിന്നു കേരളത്തിലേക്ക് ആഗസ്ത് 19 മുതല്‍ 31വരെ ഇന്‍ഡിഗോ എയര്‍ ലൈന്‍സ് 16 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണു സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം ആഗസ്ത് 19, 21 തിയ്യതികളില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ഒരോ സവീസുകള്‍ ഉണ്ടായിരിക്കും. 22, 24 തിയ്യതികളില്‍ കൊച്ചിയിലേക്ക് ഓരോ സര്‍വീസുകളും 23നു കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഒരോ സര്‍വ്വീസുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. 25ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ഒരോ സര്‍വ്വീസുകള്‍ വീതവും 27നു കോഴിക്കോട്ടേക്ക് ഒരു സര്‍വ്വീസും ഉണ്ടായിരിക്കും. 28നു കൊച്ചിയിലേക്ക് ഒരു സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 30നു കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തേക്കും 31നു കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൊച്ചിയിലേക്ക് ഉച്ചയ്ക്ക് 1.55നും കോഴിക്കോട്ടേക്ക് രാവിലെ 11.55നും തിരുവനന്തപുരത്തേക്ക് 10.45നുമാണ് കുവൈത്തില്‍ നിന്നു പുറപ്പെടുന്ന സമയം. കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസും ഉടന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നാണു സൂചന.

Post a Comment

Thanks

Previous Post Next Post