കടലുണ്ടി വാവുത്സവ ചടങ്ങുകൾ സമാപിച്ചു


കടലുണ്ടി | പേടിയാട്ടമ്മയുടെ ആജ്ഞ അനുസരിച്ച് മകൻ ജാതവൻ മണ്ണൂരിലെ കോട്ടയിലേക്ക് മടങ്ങിയതോടെ ചരിത്രപ്രസിദ്ധമായ കടലുണ്ടി വാവുത്സവ ചടങ്ങുകൾക്ക് സമാപനം.


ഉത്സവത്തിലെ പ്രധാന ചടങ്ങായ ദേവിയുടെയും ജാതവന്റെയും സംഗമവും എഴുന്നള്ളിപ്പും ഭക്തിനിർഭരമായി.


നൂറ്റാണ്ടുകളുടെ പാരമ്പര്യവും വിശ്വാസവും വിളിച്ചോതുന്ന വാവുത്സവത്തിലെ എഴുന്നള്ളിപ്പ് ദർശിക്കാൻ വാക്കടവ് ആറാട്ടു കടവിൽ അഭൂതപൂർവമായ ഭക്തജന പങ്കാളിത്തമുണ്ടായിരുന്നു.


പുലർച്ചെ പേടിയാട്ട് ക്ഷേത്രത്തിൽ നിന്നു ദേവീ വിഗ്രഹം ആറാട്ടിനായി വാക്കടവിലേക്ക് എഴുന്നള്ളിച്ചു.


2 ദിവസമായി ഊരു ചുറ്റാൻ ഇറങ്ങിയ ജാതവൻ രാവിലെ വാക്കടവിൽ എത്തി ദേവിയെ കണ്ടുമുട്ടി. നീരാട്ടിനും ആചാരാനുഷ്ഠാനങ്ങൾക്കും ശേഷം പുള്ളിക്കുതിരപ്പുറത്തേറിയ ജാതവൻ സർവാഭരണവിഭൂഷിതയായ ഭഗവതിയെ 3 തവണ വലംവച്ചു. ചെണ്ട മേളക്കാർ കൊട്ടിക്കയറിയപ്പോൾ ദർശനത്തിന് എത്തിയ ഭക്തർ ഉച്ചത്തിൽ നാമജപം നടത്തി.


അമ്മയെ ദർശിച്ച് സായുജ്യമടഞ്ഞ മകൻ മുൻപിലും ദേവി പിന്നിലും ആയിട്ടായിരുന്നു തിരിച്ചെഴുന്നള്ളത്ത്. കുന്നത്ത്, അമ്പാളി തറവാട്ടു കാരണവന്മാരും മൂത്ത പെരുവണ്ണാനും അകമ്പടി സേവിച്ചു.


ഉച്ചയോടെ കുന്നത്ത് തറവാട്ടിൽ എത്തിയ ദേവിയെ ഉപചാരപൂർവം സ്വീകരിച്ച് വെള്ളരി നിവേദ്യം അർപ്പിച്ചു. ഇതോടെ കുന്നത്ത് തറവാട്ടുവീടിന്റെ മുൻപിലെ പടകളിക്കണ്ടത്തിൽ പടകളിത്തല്ല് തുടങ്ങി.


കുന്നത്ത് തറയിലെ പീഠത്തിൽ ഇരുന്ന് പടകളി ആസ്വദിച്ച ദേവി ഉപചാരപൂജകൾ ഏറ്റുവാങ്ങി കറുത്തങ്ങാട്ടേക്ക് എഴുന്നള്ളി. അവിടെ ഒരുക്കിയ വെള്ളരി നിവേദ്യം സ്വീകരിച്ച് വൈകിട്ട് പേടിയാട്ടുകാവിൽ എത്തി.


വ്രതനിഷ്ഠയോടെ പനയംമഠം തറവാട്ടുകാർ ഭഗവതിയെ പരമ്പരാഗത ആചാരങ്ങളോടെ സ്വീകരിച്ചു.


അനുഷ്ഠാന കർമങ്ങൾക്കു ശേഷം കാവിലെ കിഴക്കേ കോട്ടയിൽ ദേവിയെ കുടിയിരുത്തി. ക്ഷേത്രത്തിൽ കയറരുതെന്ന അമ്മയുടെ വാക്കുകൾ ഓർത്തു ദുഃഖിതനായ ജാതവൻ മണ്ണൂരിലെ കോട്ടയിലേക്ക് മടങ്ങിയതോടെയാണ് വാവുത്സവം സമാപിച്ചത്. ഇതോടെ ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കമായി.

Post a Comment

Thanks

Previous Post Next Post