ചെമ്മാട് ടൗൺ നവീകരണത്തിന് കളമൊരുങ്ങുന്നു; ആറേക്കർ സ്ഥലം ഏറ്റെടുക്കും; 250 കോടി രൂപ നഷ്‌ടപരിഹാരം


തിരൂരങ്ങാടി | ചെമ്മാട് ടൗൺ നവീകരണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കരിപറമ്പ് മുതൽ തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ വരെ വരുന്ന ആറ് ഏക്കർ സ്ഥലമാണ് ഇതിനായി ഏറ്റെടുക്കേണ്ടി വരിക. 


സ്ഥലമു ടമകൾക്ക് 150 കോടി രൂപയും കെട്ടിടം നഷ്ടപ്പെടുന്നവർക്ക് 100 കോടി രൂപയും അടക്കം ആകെ 250 കോടി രൂപ നഷ്ടപരിഹാരമായി നൽകും.


"തീരുമാനമെടുത്താൽ അത് നടപ്പാക്കുക തന്നെ ചെയ്യും. നാളെ ആരെങ്കിലും വന്ന് ഇതിലെ വേണ്ട, അതിലെ മതി എന്നൊന്നും പറയാൻ പാടില്ല” എന്ന് മന്ത്രി യോഗത്തിൽ ശക്തമായി മുന്നറിയിപ്പ് നൽകി. തുടർന്ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം നിർദിഷ്ട ഭാഗങ്ങൾ സന്ദർശിച്ചു.


തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ വരെയെന്നത് ഓറിയന്റൽ സ്കൂൾ വരെ 100 മീറ്റർ കൂടി ദീർഘിപ്പിച്ചിട്ടുണ്ട്. സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പായും നൽകും. നിലവിലെ റോഡിന്റെ ഇരുവശങ്ങളിലും വീതികൂട്ടാൻ ആറര മീറ്റർ മുതൽ എട്ട് മീറ്റർ വരെ സ്ഥലം ആവശ്യമായി വരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പി എം എ സമീർ എം എൽ എ, മുൻ മന്ത്രി പി കെ അബ്ദുർറബ്ബ്, തിരൂരങ്ങാടി നഗരസഭാ അധ്യക്ഷ സി പി ഹബീബ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ബഷീർ, വൈസ് പ്രസിഡന്റ് എം പി സുബൈദ, നഗരസഭാ ഉപാധ്യ ക്ഷൻ എം അബ്ദുർറഹ്‌മാൻ കുട്ടി, പൊതുമരാമത്ത് എക്സി. എൻജിനീയർ സി എച്ച് അബ്ദുൽ ഗഫൂർ, ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ സംബന്ധിച്ചു.

Post a Comment

Thanks

Previous Post Next Post